സ്വവർഗരതിക്കും വേശ്യാവൃത്തിക്കും സ്വീകാര്യത വേണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്വവർഗരതിക്ക് പൊതുസ്വീകാര്യത ലഭിച്ചാൽ എച്ച്.െഎ.വി വ്യാപിക്കുന്നത് തടയാനും ആരോഗ്യപ്രശ്നങ്ങൾ നേരിടാനും സഹായകരമാകുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടു. വേശ്യാവൃത്തിക്ക് ലൈസൻസ് നൽകിയാലും അതാണുണ്ടാകുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷനിയമം 377ാം വകുപ്പ് റദ്ദാക്കണമെന്നും ഒരേ ലിംഗത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ബെഞ്ച് വിധി പറയാനായി മാറ്റി.
ക്രിസ്ത്യൻ ചർച്ചുകൾക്കു വേണ്ടി ഹാജരായ അഡ്വ. മനോജ് ജോർജ്, ട്രസ്റ്റ് ഒാഫ് ഗോഡ് മിനിസ്ട്രീസിനു വേണ്ടി ഹാജരായ അഡ്വ. കെ. രാധാകൃഷ്ണൻ എന്നിവർ സ്വവർഗരതി കുറ്റകരമായി തുടരണമെന്ന് വാദിച്ചു. സ്വവർഗരതി എച്ച്.െഎ.വി വ്യാപിക്കുന്നതിന് കാരണമാകുമെന്ന ഇവരുടെ വാദം തള്ളിയ സുപ്രീംകോടതി എച്ച്.െഎ.വി വ്യാപിക്കുന്നത് തടയാനും ആരോഗ്യപ്രശ്നങ്ങൾ നേരിടാനും സഹായകരമാകുമെന്ന് പറഞ്ഞു.
പൊതുസ്വീകാര്യത ഇല്ലാത്തതുമൂലം നിലവിൽ സ്വവർഗരതിക്കാരായ വ്യക്തികൾക്ക് വൈദ്യപരിരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ അവരിൽ ലൈംഗിക ബന്ധത്തിലൂടെയുണ്ടാകുന്ന രോഗങ്ങൾ പകരാൻ സാധ്യതയേറെയാണെന്നും ജസ്റ്റിസ് ചന്ദ്രചുഡ് പറഞ്ഞു. എല്ലാ തരം അടിച്ചമർത്തലും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതല്ല, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ് ഇൗ രോഗങ്ങൾക്കുള്ള കാരണം.
നിരോധനം ഒരു സാമൂഹിക പ്രശ്നവും പരിഹരിച്ചിട്ടിെല്ലന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ കൂട്ടിച്ചേർത്തു. വേശ്യാവൃത്തിക്ക് ലൈസൻസ് നൽകിയാലേ അതിനെ നിയന്ത്രിക്കാനാകൂവെന്നും വിക്ടോറിയൻ കാലത്തെ ധാർമികത പറഞ്ഞ് അതിനനുവദിക്കാതിരുന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ജസ്റ്റിസ് നരിമാൻ തുടർന്നു. ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന് സുപ്രീംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
