കർഷക പ്രതിഷേധം: പ്രധാനമന്ത്രി 20 മിനിറ്റ് ഫ്ലൈ ഓവറിൽ കുടുങ്ങി; പഞ്ചാബിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: പഞ്ചാബിലെ കർഷക രോഷത്തിൽ പ്രധാനമന്ത്രി നടുറോഡിൽ കുടുങ്ങി. കർഷക പ്രതിഷേധത്തെ തുടർന്ന് 20 മിനിറ്റോളം മേൽപാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രി ഫിറോസ് പുരിലെ റാലി റദ്ദാക്കി മടങ്ങി. പ്രധാനമന്ത്രി റോഡിൽ കുടുങ്ങിയത് സുരക്ഷാവീഴ്ചയാണെന്ന് ചുണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാറിനോട് വിശദീകരണം തേടി.
പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ കോൺഗ്രസ് സർക്കാർ പ്രതിഷേധക്കാർക്ക് റൂട്ട് ചോർത്തി നൽകിയെന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ അവസാന നിമിഷം റൂട്ട് മാറ്റിയതാണെന്നും കർഷക പ്രതിഷേധത്തിൽ റാലി മുടങ്ങിയപ്പോൾ വിഷയം വഴിതിരിച്ചുവിടുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
ഭട്ടിൻഡയിൽ രാവിലെ വ്യോമമാർഗം എത്തിയ പ്രധാനമന്ത്രി റാലി നടക്കുന്ന ഫിറോസ്പുരിലേക്ക് ആദ്യം ഹെലികോപ്ടറിൽ പോകാനായിരുന്നു തീരുമാനം. എന്നാൽ, മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും മൂലം ഏറെ നേരം കാത്തിരുന്ന ശേഷം രണ്ടു മണിക്കൂർ യാത്ര െചയ്യാനുള്ള റാലി സ്ഥലേത്തക്ക് റോഡ് മാർഗം പോകാമെന്ന് തീരുമാനം മാറ്റി.
എന്നാൽ, റാലി നടക്കുന്ന സ്ഥലത്തിന് 10 കിലോമീറ്റർ അകലെ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതൃത്വത്തിലുള്ള കർഷകർ പ്രതിഷേധവുമായി മാർഗതടസ്സം തീർക്കുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ ഭട്ടിൻഡയിലെ മേൽപാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുന്നതും ചുറ്റിലും എസ്.പി.ജി കമാൻഡോകൾ കാവൽ നിൽക്കുന്നതും കാണാം.
കറുത്ത ടൊയോട്ട ഫോർച്യൂണർ കാറിൽ മോദി ഇരിക്കുമ്പോൾ റാലിക്ക് പോകാനിരുന്ന ബി.ജെ.പി പ്രവർത്തകർ വാഹനങ്ങളിൽനിന്നിറങ്ങി അടുത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. 20 മിനിറ്റിന്റെ കാത്തിരിപ്പിനൊടുവിൽ മടങ്ങാനുള്ള എസ്.പി.ജി നിർദേശം പ്രധാനമന്ത്രി അംഗീകരിച്ചു. തുടർന്ന് റാലി റദ്ദാക്കി മേൽപാലത്തിൽ തന്നെ വാഹനം തിരിച്ച് എയർപോർട്ടിലേക്ക് മടങ്ങി.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ വഴികളിൽ കർഷകർ പ്രതിഷേധ പോസ്റ്ററുകൾ പിടിച്ചിരുന്നു. ഭട്ടിൻഡ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ''എയർപോർട്ട് വരെ ജീവനോടെ എത്തിയതിന് നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കൂ''എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു.
പ്രധാനമന്ത്രി 15-20 മിനിറ്റ് മേൽപാലത്തിൽ കുടുങ്ങിയെന്നും ഇത് പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വലിയ വീഴ്ചയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിറക്കി. ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണിതെന്ന് ബി.ജെ.പിയും കൂട്ടിച്ചേർത്തു.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ വരുത്തിയെന്ന് പഞ്ചാബ് ഡി.ജി.പിയിൽ നിന്ന് ഉറപ്പ് ലഭിച്ച ശേഷമായിരുന്നു അദ്ദേഹം യാത്ര ആരംഭിച്ചതെന്ന് മന്ത്രാലയം തുടർന്നു. പ്രധാനമന്ത്രിയുടെ കാര്യപരിപാടിയും യാത്രയുടെ ആസൂത്രണവും പഞ്ചാബ് സർക്കാറിനെ മുൻകൂട്ടി അറിയിച്ചതാണ്. യാത്രക്കും സുരക്ഷക്കുമുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യേണ്ടതാണെന്നും ഒരു ബദൽ പ്ലാനും കാണേണ്ടതാണെന്നും മന്ത്രാലയം തുടർന്നു. എന്നാൽ,
പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി മറ്റൊരു റൂട്ടായിരുന്നു മോദിയുടെ വാഹനവ്യൂഹത്തിന് നിർദേശിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികളാണ് പ്രധാനമന്ത്രിയുടെ റൂട്ടും സുരക്ഷയും നിയന്ത്രിച്ചത്. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയില്ലായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ എല്ലാ ബഹുമാനവുമുള്ള താൻ ഒരു പഞ്ചാബിയെന്ന നിലയിൽ അദ്ദേഹത്തെ സംരക്ഷിക്കാൻ ജീവൻ വരെ ത്യജിക്കുമെന്നും ചന്നി തുടർന്നു.
അതേസമയം, പ്രധാനമന്ത്രിക്ക് ഒരു തരത്തിലുള്ള അപായവുമുണ്ടായിരുന്നില്ല. ഏതെങ്കിലും തരം സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കുമെന്നും ചന്നി വ്യക്തമാക്കി.
പ്രധാനമന്ത്രിയെ താൻ സ്വീകരിക്കാൻ പോകാതിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന ബി.ജെ.പി ആരോപണം തള്ളിയ ചന്നി തന്റെ അടുത്തയാളുകൾ കോവിഡ് പോസിറ്റിവ് ആയതുകൊണ്ട് പോകാതിരുന്നതാണെന്ന് പറഞ്ഞു. ഫോൺവിളികൾ സ്വീകരിച്ചില്ലെന്ന ബി.ജെ.പി ആരോപണവും മുഖ്യമന്ത്രി തള്ളി. അവരുമായി നിരന്തര സമ്പർക്കത്തിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

