Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിഛന്ദ്രപുരത്ത്...

ഹരിഛന്ദ്രപുരത്ത് ‘പുതുവസന്തം’പിറന്നു; ഒരുമ ട്രസ്റ്റ് നിര്‍മിച്ച വീടുകള്‍ കൈമാറി

text_fields
bookmark_border
ഹരിഛന്ദ്രപുരത്ത് ‘പുതുവസന്തം’പിറന്നു; ഒരുമ ട്രസ്റ്റ് നിര്‍മിച്ച വീടുകള്‍ കൈമാറി
cancel

ചെന്നൈ: ചെന്നൈ പ്രളയത്തില്‍ നശിച്ച ഹരിഛന്ദ്രപുരം ഗ്രാമത്തിന് അന്തിയുറങ്ങാന്‍ മലയാളി കൂട്ടായ്മയായ ചെന്നൈ ഒരുമ ട്രസ്റ്റ് നിര്‍മിച്ച വീടുകള്‍ ലളിതമായ ചടങ്ങില്‍ കൈമാറി. ഗ്രാമത്തെ ദത്തെടുത്ത് ‘പുതുവസന്തം’ എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ ചടങ്ങ് മറ്റു അഞ്ച് വീടുകളുടെ തറക്കല്ലിടലിനും സാക്ഷ്യം വഹിച്ചു.
അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ ഗ്രാമത്തില്‍ സുമനസ്സുകളായ മലയാളികളുടെ സമ്മാനം നിറഞ്ഞ മനസ്സോടെയാണ് തമിഴ് മക്കള്‍ ഏറ്റുവാങ്ങിയത്.

ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിലേക്ക് ഗ്രാമം മുഴുവന്‍ ഒഴുകി എത്തുകയായിരുന്നു. മണ്‍ഭിത്തിയും ടാര്‍പോളിന്‍ മേല്‍ക്കൂരയും മാത്രമുണ്ടായിരുന്ന തങ്ങള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത  കെട്ടുറപ്പുള്ള ഭവനം നല്‍കിയ കടവുളിനോടും (ദൈവം) മനുഷ്യസ്നേഹികളോടും കണ്ണീരില്‍ കുതിര്‍ന്നാണ് അവര്‍ നന്ദിപറഞ്ഞത്. വട്ടിപ്പലിശയാല്‍ ജീവിതം ചുറ്റപ്പെട്ടിരുന്ന തങ്ങള്‍ക്ക് കേരള മക്കളുടെ സ്നേഹവും കരുതലും  ജീവിതത്തില്‍ പുതുവസന്തം വിരിയിച്ചതായി താക്കോല്‍ കൈയില്‍ കിട്ടിയ ബാനുമ കൂപ്പുകൈകളോടെ പറയുന്നു. വീടുകളോട് ചേര്‍ന്ന് ടോയ്ലറ്റ് സൗകര്യം തങ്ങള്‍ക്ക് അദ്ഭുതമാണെന്നാന്ന് വീട് കിട്ടിയ ഇമ്രാന്‍െറ അഭിപ്രായം.  കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ തറക്കല്ലിട്ട വീടുകള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മിച്ച് കൈമാറിയത്.  ഒരു വീടിന് രണ്ടു ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസിസ്റ്റന്‍റ് അമീറും ‘വിഷന്‍ 2026’  ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫലി മുഖ്യാതിഥിയായിരുന്നു.

ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫിസ് സെക്രട്ടറി പി.എ. സലീം അധ്യക്ഷതവഹിച്ചു. ഒരുമ ട്രസ്റ്റ് സെക്രട്ടറി പി.പി. മുഹമ്മദ് അഷ്റഫ്, പുതുവസന്തം പദ്ധതി  കണ്‍വീനര്‍ എം.സി. ഷാഹുല്‍ ഹമീദ്, പദ്ധതിയുടെ പ്രാദേശിക കോഓഡിനേറ്റര്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് അഞ്ച് കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റവും പുതിയ അഞ്ച് വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങും ടി. ആരിഫലി നിര്‍വഹിച്ചു.
കേരളത്തിലേക്ക് കറിക്കത്തികള്‍ കയറ്റി അയക്കുന്ന ഗ്രാമത്തില്‍ സ്വയംസംരംഭ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വരുമാനം കണ്ടത്തൊന്‍ സഹായിക്കുന്ന പദ്ധതിയും മലയാളി കൂട്ടായ്മയുടെ ഭാവി പരിപാടിയില്‍ പെടും.  ശുദ്ധജല കുടിവെള്ള പദ്ധതിക്കായ ടാങ്ക് നിര്‍മാണവും നടക്കുന്നു.

2015 ഡിസംബറിലുണ്ടായ പ്രളയത്തില്‍  ചെന്നൈയോടൊപ്പം സമീപജില്ലയായ തിരുവള്ളൂരിലെ ഹരിഛന്ദ്രപുരം ഗ്രാമവും തൂത്തെറിയപ്പെട്ടിരുന്നു. ചെന്നൈയുടെ ചേരിപ്രദേശങ്ങളില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ദുരിതാശ്വാസ -പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരിസര ജില്ലകളിലും വ്യാപിപ്പിക്കാനുള്ള ഒരുമ ട്രസ്റ്റിന്‍െറ തീരുമാനമാണ് ഹരിഛന്ദ്രപുരത്തെ ദത്തെടുക്കുന്നതിലേക്ക് എത്തിച്ചത്. കോഴിക്കോട് ആസ്ഥാനമായ പീപ്ള്‍സ് ഫൗണ്ടേഷന്‍െറ സഹകരണവും വിഷന്‍ 2026 പ്രചോദനവും ഒരുമ അംഗങ്ങള്‍ക്ക് ഗ്രാമം ദത്തെടുക്കാന്‍ പ്രേരണയേകി. ഗ്രാമത്തിന്‍െറ കുലത്തൊഴിലായ കത്തിരാകല്‍  മെഷീനുകള്‍ വിതരണം ചെയ്താണ് കഴിഞ്ഞവര്‍ഷം പദ്ധതിക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് വീടുകള്‍ നിര്‍മിച്ച് നല്‍കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും വിദ്യാഭ്യാസ പുരോഗതിക്കുമായി  പദ്ധതികള്‍ ആവിഷ്കരിച്ചു.  പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളിനെയും ദത്തെടുത്ത് അടിസ്ഥാനസൗകര്യ വികസനത്തിന് ഒരുമക്ക് പദ്ധതിയുണ്ട്.
ഗ്രാമത്തിലെ ഏക ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുടെ സഹായത്തോടെ മറ്റ് കുട്ടികള്‍ക്ക് ട്യൂഷന്‍ സൗകര്യവും ഒരുക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodhomless
News Summary - home for unity
Next Story