Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാസ്‌പോർട്ട്, വിസ നിയമങ്ങളിൽ ഇളവ്: കേന്ദ്ര നടപടി പാകിസ്താൻ പൗരന്മാർക്കും സഹായമാകും

text_fields
bookmark_border
പാസ്‌പോർട്ട്, വിസ നിയമങ്ങളിൽ ഇളവ്: കേന്ദ്ര നടപടി പാകിസ്താൻ പൗരന്മാർക്കും സഹായമാകും
cancel

ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കും വലിയ ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി. പാസ്‌പോർട്ട്, വിസ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകളിലാണ് കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ഭേദഗതി ഉത്തരവ് 2026’ എന്ന പേരിലാണ് കേന്ദ്രം പുതിയ ഭേദഗതി പുറത്തിറക്കിയത്. പാകിസ്താൻ പൗരന്മാർ, അയൽരാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷ അഭയാർഥികൾ, ശ്രീലങ്കൻ തമിഴ് വംശജർ, ടിബറ്റൻ പൗരന്മാർ എന്നിവർക്കാണ് പ്രധാനമായും പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കുക.

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം മൂലമോ അത് ഭയന്നോ 2024 ഡിസംബർ 31നോ അതിന് മുമ്പോ ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പുതിയ ഉത്തരവ് അനുഗ്രഹാകും. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് കൈവശം സാധുവായ യാത്രാരേഖകൾ ഇല്ലെങ്കിലും കാലാവധി കഴിഞ്ഞ രേഖകളാണുള്ളതെങ്കിലും ഈ ഇളവ് ലഭിക്കും. എന്നാൽ ഇന്ത്യയിൽ തുടർന്ന് താമസിക്കാൻ ഇവർ നിയമാനുസൃത വിസ സ്വന്തമാക്കേണ്ടതുണ്ട്.

2009 ഡിസംബർ 31-നോ അതിന് മുമ്പോ ഇന്ത്യയിലെത്തിയ ചില പാകിസ്താൻ പൗരന്മാർക്കും പുതിയ തീരുമാനം തുണയാകും. പാകിസ്താന്റെ കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് ഇല്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ പാകിസ്താനിൽ സ്വത്തോ വിവാഹബന്ധമോ ഉണ്ടാകരുത്, തിരിച്ചുപോകില്ലെന്ന് ഉറപ്പുനൽകണം, സുരക്ഷാ ഏജൻസികളുടെ പ്രതികൂല റിപ്പോർട്ടുകൾ ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ ഇവർ പാലിക്കണം. കൂടാതെ, 2015 ജനുവരി 9ന് മുൻപ് ഇന്ത്യയിലെത്തി രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴ് വംശജർക്കും അനുമതിയോടെ താമസിക്കുന്ന ടിബറ്റൻ പൗരന്മാർക്കും നിയമപരമായ ഇളവുകൾ ലഭ്യമാകും.

ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന ഇന്ത്യൻ സൈനികർക്കും (കര, നാവിക, വ്യോമസേന) ഇവർക്കൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും വിസ, പാസ്‌പോർട്ട് നിബന്ധനകളിൽ ഇളവുണ്ട്. അതോടൊപ്പം നേപ്പാൾ, ഭൂട്ടാൻ യാത്രാ നിയമങ്ങളിലും കേന്ദ്രം വ്യക്തത വരുത്തിയിട്ടുണ്ട്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് പരസ്പരം യാത്ര ചെയ്യാൻ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ മതിയാകും. എന്നാൽ ചൈന, പാകിസ്താൻ, ഹോങ്കോങ്, മക്കാവു എന്നിവടങ്ങളിലൂടെ യാത്ര ചെയ്തെത്തുന്ന നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് പാസ്‌പോർട്ടും വിസയും നിർബന്ധമാണ്. വിദേശ പൗരന്മാരുടെയും അഭയാർഥികളുടെയും ഇന്ത്യയിലെ താമസവും നടപടിക്രമങ്ങളും കൂടുതൽ വ്യക്തവും ലളിതവുമാക്കാനാണ് കേന്ദ്ര സർക്കാറിന്റെ ഈ ഭേദഗതി.വർഷങ്ങളായി നിയമപരമായ യാത്രാരേഖകളുടെ അഭാവത്തിലും കാലാവധി കഴിഞ്ഞ രേഖകളാലും പ്രതിസന്ധിയിലായിരുന്ന ആയിരക്കണക്കിന് അഭയാർഥികൾക്ക് ആശ്വാസമേകുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഈ പുതിയ തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Home Ministry relaxes passport, visa rules for foreign nationals in India
Next Story