പൗരത്വ നിയമം: സുപ്രീംകോടതി വിധിക്ക് മുമ്പേ ചട്ടങ്ങൾ രൂപവത്കരിക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജികളിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നതിന് മുമ്പേ ചട്ടങ്ങൾ രൂപവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്നോട്ട്. പൗരത്വ ഭേദഗതി നിയമത്തിന്‍റെ ഭരണഘടനാ സാധുതയെ എതിർത്തുകൊണ്ട് നിരവധി ഹരജികളാണ് സുപ്രീംകോടതിയിൽ ഫയൽചെയ്തിട്ടുള്ളത്. ജനുവരി 22നാണ് ഹരജികൾ പരിഗണിക്കുക.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡിസംബർ 18ന് സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ, നിയമത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും കോടതി പ്രസ്താവിച്ചിരുന്നു.
നിയമം നടപ്പാക്കുന്നതിനായി ചട്ടങ്ങൾ രൂപവത്കരിക്കുന്നത് കോടതി തടഞ്ഞിട്ടില്ലെന്നും അതിനാലാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിക്കുന്നു. അതേസമയം, പൗരത്വത്തിന് അപേക്ഷിക്കുന്നവർ മതപരമായ പീഡനം നേരിട്ടവരാണെന്ന് തെളിയിക്കാനുള്ള ചട്ടങ്ങൾ രൂപവത്കരിക്കുക പ്രയാസകരമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണ്.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മതപരമായ പീഡനം അനുഭവിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, പാഴ്സി, ബുദ്ധ, സിഖ് വിഭാഗങ്ങൾക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് അർഹതയുള്ളത്.
2016ൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ രഹസ്യാന്വേഷണ വിഭാഗം ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യയുടെ ശത്രുക്കൾ നിയമം മുതലെടുത്ത് നുഴഞ്ഞുകയറുമെന്ന ആശങ്കയായിരുന്നു അന്ന് രഹസ്യാന്വേഷണ വിഭാഗവും ചാരസംഘടനയായ റോയും ബില്ലിന് മേൽനോട്ടം വഹിച്ച സംയുക്ത പാർലമെന്‍റ് കമ്മിറ്റിക്ക് മുമ്പാകെ ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
