'വര്‍ഗീയതയുടെ ഒരു പുതിയ രഥയാത്രക്ക് തുടക്കമിട്ടിരിക്കുന്നു'; ഛത്തീസ്ഗഢിലെ ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ സിറോ മലബാർ സഭ
text_fieldsഛത്തീസ്ഗഢിലെ ഗ്രാമങ്ങളിൽ ‘ക്രിസ്ത്യൻ പാസ്റ്റർമാർക്കും മതംമാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനമില്ല’ എന്ന് എഴുതിയ ബോർഡ്
റായ്‌പൂർ: ഛത്തീസ്ഗഢിലെ ഗ്രാമങ്ങളിൽ ‘ക്രിസ്ത്യൻ പാസ്റ്റർമാർക്കും മതംമാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനമില്ല’ എന്ന് എഴുതിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളിതിൽ രൂക്ഷമായ വിമർശനവുമായി സീറോ മലബാർ സഭ. പ്രലോഭിപ്പിച്ചും വഞ്ചിച്ചും നിർബന്ധിതമായി മതംമാറ്റുന്നത് തടയാനാണ് ഈ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് കോടതിയുടെ നിരീക്ഷണം.
ഒരു കൂട്ടം ആളുകളെ രണ്ടാം തരം പൗരന്മാരായി അടയാളപ്പെടുത്തുന്ന ആ സൈന്‍ബോര്‍ഡാണെന്നും വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിവേചനമാണിതെന്നും സീറോമലബാര്‍ സഭയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളെയും നിരോധിക്കുന്ന ഈ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ, സ്ഥാപനവല്‍ക്കരിക്കപ്പെട്ട വര്‍ഗീയതയുടെ ഒരു പുതിയ രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു. ഇതിനെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി, പ്രസ്തുത ബോര്‍ഡ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്ന കൊലയാളികള്‍, ദലിതരെയും ആദിവാസികളെയും പീഡിപ്പിക്കുന്നവര്‍, 'ഘര്‍ വാപസി' വഴി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നവര്‍ എന്നിവരെ വിലക്കാത്ത രാജ്യത്ത്, ഈ വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണമെന്നും കുറിപ്പിൽ പറയുന്നു.
സീറോ മലബാർസഭയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം
"ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍, പാസ്റ്റര്‍മാരെയും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് - കോടതി ഇപ്പോള്‍ ഈ നീക്കത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒരു കൂട്ടം ആളുകളെ രണ്ടാം തരം പൗരന്മാരായി അടയാളപ്പെടുത്തുന്ന ആ സൈന്‍ബോര്‍ഡാണ്. വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിവേചനം. മതേതര ഇന്ത്യയില്‍, ഹിന്ദുത്വ ശക്തികള്‍ മതപരമായ വിവേചനത്തിലും ആക്രമണാത്മക അസഹിഷ്ണുതയിലും മറ്റൊരു പരീക്ഷണം വിജയകരമായി ആരംഭിച്ചു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളെയും നിരോധിക്കുന്ന ഈ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ, സ്ഥാപനവല്‍ക്കരിക്കപ്പെട്ട വര്‍ഗീയതയുടെ ഒരു പുതിയ രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു.
ഇതിനെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി, പ്രസ്തുത ബോര്‍ഡ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്ന കൊലയാളികള്‍, ദലിതരെയും ആദിവാസികളെയും പീഡിപ്പിക്കുന്നവര്‍, 'ഘര്‍ വാപസി' വഴി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നവര്‍ എന്നിവരെ വിലക്കാത്ത രാജ്യത്ത്, ഈ വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണം.
ഇന്ത്യയെ മതേതരമായി നിലനിര്‍ത്തുന്നതിന് ഹിന്ദുത്വ അധിനിവേശത്തിനെതിരായ ഈ പോരാട്ടം മറ്റ് വര്‍ഗീയതയുമായോ തീവ്രവാദങ്ങളുമായോ താരതമ്യം ചെയ്തുകൊണ്ടോ അല്ലെങ്കില്‍ 'വിശുദ്ധ നിശ്ശബ്ദത' പാലിച്ചുകൊണ്ടോ ആകരുത്. 'ഒടുവില്‍, അവര്‍ നിങ്ങളെ തേടിയെത്തി' എന്ന ഫാഷിസ്റ്റ് വിരുദ്ധ വാക്കുകള്‍ ദുരുപയോഗം ചെയ്യുന്ന വര്‍ഗീയ, തീവ്രവാദികളുടെ പ്രലോഭനങ്ങള്‍ക്ക് നാം ചെവികൊടുക്കരുത്. ഈ പോരാട്ടം ഏതെങ്കിലും തരത്തിലുള്ള മതഭ്രാന്തുമായി സഖ്യത്തിലായിരിക്കരുത്. അത് പൗരാവകാശങ്ങളുടെ മാഗ്‌ന കാര്‍ട്ടയായ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മാത്രമേ നടത്താവൂ"
പാസ്റ്റർമാർക്കും മതം മാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനം വിലക്കി എട്ട് ഗ്രാമങ്ങളിൽ സ്ഥാപിച്ച ഹോർഡിങ്ങുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒക്ടോബർ 28ന് തള്ളിയത്.
തദ്ദേശീയരായ ഗോത്രവർഗക്കാരുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ബന്ധപ്പെട്ട ഗ്രാമസഭകൾ ഈ ഹോർഡിങ്ങുകൾ സ്ഥാപിച്ചതെന്ന് ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
ക്രിസ്ത്യൻ സമൂഹത്തെയും മത നേതാക്കളെയും മുഖ്യധാരയിൽ നിന്ന് വേർതിരിച്ച് ഊരുവിലക്കുന്ന ഇത്തരം ബോർഡുകൾക്കെതിരെ കാങ്കർ സ്വദേശിയായ ദിഗ്ബൽ താണ്ടി എന്നയാളാണ് റിട്ട് ഹർജി സമർപ്പിച്ചത്. പഞ്ചായത്ത് വകുപ്പിന്റെ നിർദേശപ്രകാരം ‘നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം’ ( എന്ന പേരിൽ പ്രമേയം പാസാക്കാൻ ജില്ലാ പഞ്ചായത്ത്, ജൻപഥ് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവക്ക് നിർദേശം നൽകിയിരുന്നുവെന്നും, പാസ്റ്റർമാരുടെയും മതം മാറിയ ക്രിസ്ത്യാനികളുടെയും പ്രവേശനം ഗ്രാമത്തിൽ നിരോധിക്കുക എന്നതായിരുന്നു ഈ സർക്കുലറിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിൽ ഭയമുണ്ടാക്കുന്ന വിധത്തിൽ കാങ്കർ ജില്ലയിൽ മാത്രം കുറഞ്ഞത് എട്ട് ഗ്രാമങ്ങളിൽ ഊരുവിലക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
1996-ലെ പഞ്ചായത്ത് നിയമത്തിലെ (PESA) വ്യവസ്ഥകൾ ക്രിസ്ത്യൻ സമുദായത്തിനെതിരെ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പ്രാദേശിക സാംസ്കാരിക പൈതൃകം, ആരാധനാ കേന്ദ്രങ്ങൾ, സാമൂഹിക ആചാരങ്ങൾ എന്നിവ സംരക്ഷിക്കാൻ പെസ നിയമം ഗ്രാമസഭക്ക് അധികാരം നൽകുന്നുണ്ടെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി) വൈ.എസ്. താക്കൂർ വാദിച്ചു.
ഗോത്രവർഗക്കാരെ നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യുന്നതിനായി ഗ്രാമത്തിൽ പ്രവേശിക്കുന്ന മറ്റ് ഗ്രാമങ്ങളിലെ ക്രിസ്ത്യൻ പാസ്റ്റർമാർക്ക് മാത്രമായി നിരോധനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഹോർഡിങ്ങുകൾ സ്ഥാപിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസികളെ പ്രലോഭിപ്പിച്ച് നിയമവിരുദ്ധമായി മതം മാറ്റുന്നത് അവരുടെ സംസ്കാരത്തിന് ഹാനികരമാണെന്ന് ഹോർഡിങ്ങുകളിൽ പറയുന്നുണ്ട്. 2023ൽ നാരായൺപൂർ ജില്ലയിൽ നടന്ന കലാപം ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകൻ കോടതിയെ ഓർമിപ്പിച്ചു. ആ കലാപത്തിൽ കലാപകാരികൾ ക്രിസ്ത്യൻ പള്ളി നശിപ്പിക്കുകയും പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തിരുന്നു.
ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി, നിയമപരമായ മറ്റുപരിഹാര മാർഗ്ഗങ്ങൾ തേടുന്നതിനു മുൻപ് തന്നെ ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചതായി നിരീക്ഷിച്ചു. പരാതി പരിഹരിക്കാൻ ഹൈകോടതിയെ സമീപിക്കുന്നതിന് ലഭ്യമായ മറ്റ് മാർഗ്ഗങ്ങൾ ആദ്യം ഉപയോഗിക്കണം എന്നും ഉത്തരവിൽ പറയുന്നു.
ഛത്തീസ്ഗഢിൽ നേരത്തെ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. ഒമ്പത് ദിവസമാണ് ഇവരെ ജയിലിലടച്ചത്. പിന്നീട് 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെ ബിലാസ്പുരിലെ എൻ.ഐ.എ കോടതി ജാമ്യമനുവദിക്കുകയായിരുന്നു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രങ്ദൾ പ്രവർത്തകർ ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

