എച്ച്.ഐ.വി ബാധിതനായ രണ്ടാനച്ഛൻ 14കാരിയെ ബലാത്സംഗം ചെയ്തു
text_fieldsമുംബൈ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 45കാരനായ രണ്ടാനച്ഛൻ അറസ്റ്റിലായി. എച്ച്.ഐ.വി ബാധിതനാണ് പ്രതി. സൗത്ത് മുംബൈയിലെ ബോംബെ ഹോസ്പിറ്റലിന് സമീപമുള്ള വീട്ടില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഫെബ്രുവരി 7നാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
കുട്ടിയുടെ അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടി അയൽവാസിയായ സ്ത്രീയോടാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് യുവതി കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകുകയായിരുന്നു.
ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയുടെ വീട്ടിലേക്ക് ഒരു സംഘത്തെ അയച്ചതായും കേസ് രജിസ്റ്റർ ചെയ്ത അതേ രാത്രി തന്നെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ നിന്നുള്ള വിദഗ്ധ സംഘം പെൺകുട്ടിക്ക് കൗൺസിലിങ് നൽകുന്നുണ്ട്. പെണ്‍കുട്ടിയെ കൂടുതല്‍ തവണ പീഡിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

