രണ്ട് ബസുകൾക്കുള്ളിൽ കുടുങ്ങി; ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം
text_fieldsഭുവന്വേശർ: സിഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ഭുവനേശ്വറിലെ റുപാലി സ്ക്വയറിലാണ് സംഭവം. സിഗ്നലിൽ മറ്റൊരു ബസിന് പിറകിൽ കാത്തുനിൽക്കുന്ന ഓട്ടോയുടെ പിന്നിലാണ് നിയന്ത്രണം വിട്ട ബസ് ഇടിച്ചത്. ഇരു ബസുകൾക്കിടയിൽ കുടുങ്ങിയ ഡ്രൈവർ വിഷ്ണു പാട്രോ (62) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകരുന്നതും ഓട്ടോ മുന്നിലുള്ള ബസിൽ ഇടിച്ച് പൂർണ്ണമായി നശിക്കുന്നതിന്റെയും ഡാഷ് കാം ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമേ രണ്ട് യാത്രക്കാരും ഉണ്ടായിരുന്നു. ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടെങ്കിലും ഡ്രൈവർ സചിത്ര കുമാർ സഹോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി മൂന്നിന് നടന്ന അപകടത്തിന്റെ ഡാഷ് കാം വിഡിയോ ഈയിടെയാണ് പുറത്തു വന്നത്. ഒഡിഷയിലെ പൊതുഗതാഗത ബസായ അമയാണ് ഓട്ടോറിക്ഷക്ക് പിന്നിൽ കൂട്ടിയിടിച്ചത്. എന്താണ് നടന്നത് എന്നതിനെ കുറിച്ച് ബസ് ഡ്രൈവർക്ക് ഉത്തരം നൽകാൻ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് രോഷാകുലരായ ജനങ്ങൾ അപകടമുണ്ടാക്കിയ ബസിനെയും അത് വഴി പോവുകയായിരുന്ന മറ്റ് രണ്ട് അമ ബസിനെയും ആക്രമിച്ചു.
അമിത വേഗതയിലെത്തിയ ബസ് ഓട്ടോക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ അറിയിച്ചത്. മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അമ ബസ് ഓപറേറ്റർ അറിയിച്ചിരുന്നു. ഒരു മാസത്തിനിടെ അമ ബസ് കൂട്ടിയിടിച്ചുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

