130 വർഷം പഴക്കമുള്ള ഭക്ഷണത്തിന്‍റെ മെനു പങ്കുവെച്ച് ചരിത്രകാരി: ഓർമപ്പെടുത്തുന്നത് കടന്നു പോയ യുഗത്തെ
text_fieldsന്യൂഡൽഹി: ചരിത്രത്തിന്‍റെ ഏടുകൾ ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത രൂപത്തിലാവും മുമ്പിലെത്തുന്നത്. അത് ഒരു ഭക്ഷണത്തിന്‍റെ മെനുവിലൂടെയുമാവാം. നേഹ വെർമാനി എന്ന ചരിത്രക്കാരി തന്‍റെ സമൂഹമാധ‍്യമത്തിലൂടെ ഏറെ കൗതുകം നൽകുന്ന ഒരു ചിത്രം പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. അന്നത്തെ ഗ്വാളിയാർ മഹാരാജാവ് സിന്ധ‍്യക്കുവേണ്ടി ബറോഡ മഹാരാജാവ് സംഘടിപ്പിച്ച അത്താഴവിരുന്നിന്‍റെ മെനുവാണ് നേഹ പങ്കുവെച്ചത്. 130 വർഷം പഴക്കമുള്ള ഈ മെനു ഒരു യുഗത്തിന്‍റെ പാചക ചരിത്രത്തെ അടയാളപ്പെടുത്തുന്നു.
ഇയോട്ടേജ് ഡി'അമാൻഡെസ് അഥവാ ബദാം കസ്റ്റാർഡ്, പോയിസൺ ബ്രെയ്സ് സോസ് മയോണൈസ്, ക്രീം ഡി വോളൈൽ ട്രഫിൾസ്, കോട്ടെലെറ്റ്സ് ഡി മോട്ടൺ അ ലിതായന്‍, സെല്ലെ ഡി പെർഡ്രൂ റോട്ടി ഓക്സ് പെറ്റിറ്റ്സ് പോയിസ് തുടങ്ങി നിരവധി വിഭവങ്ങളാണ് മെനുവിൽ അടങ്ങിയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഗുജറാത്തിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ നടന്ന വിരുന്നിൽ ഫ്രഞ്ച് പാചകരീതിയുടെയും ഇന്ത‍്യന്‍ രാജകീയതയുടെയും തനിമ ഒത്തുചേർന്ന വിഭവങ്ങളാണ് വിളമ്പിയത്.
ദക്ഷിണേന്ത്യൻ മുഗൾ ചരിത്രത്തിൽ വൈദഗ്ദ്യം നേടിയ നേഹ പുരാതന രേഖകൾ പരിശോധിക്കുന്നതിനിടയിൽ ലഭിച്ച 1879 ജനുവരി 31 ന് നടന്ന വിരുന്നിന്‍റെ മെനുവിനെകുറിച്ച് എക്സിൽ കുറിച്ചത് ഇപ്രകാരമായിരുന്നു. ‘പത്തൊന്‍പതാം നൂറ്റാണ്ടിൽ ബറോഡ മഹാരാജാവ് ഗ്വാളിയാർ മഹാരാജാവിനായി ഒരുക്കിയ വിരുന്നിന്‍റെ മെനു ഇങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കില്ല, ട്രഫിൾസിനും ആർട്ടികോക്സിനുമൊപ്പം നിരവധി ഫ്രഞ്ച് വിഭവങ്ങളും വിളമ്പിയിട്ടുണ്ട്’.
19-ാം നൂറ്റാണ്ടിൽ നടത്തിയിരുന്ന ഇത്തരം രാജകീയ വിരുന്നുകൾ രാഷ്ട്ര തന്ത്രങ്ങളുടെയും സാംസ്കാരിക വിനിമയത്തിന്റെയും വേദികൾ കൂടിയായിരുന്നു. ഏറെ പുരോഗമന ചിന്താഗതി കൈവരിച്ച അന്നത്തെ ബറോഡയിലെ ഗെയ്ക്വാദ് മഹാരാജാക്കന്മാർ ഭക്ഷണത്തിൽ നിരവധി ഫ്രഞ്ച് വിഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. 'കൺസോം' (തെളിഞ്ഞ സൂപ്പ്), ആസ്പിക് തുടങ്ങിയവ അതിൽ പ്രധാനമായിരുന്നു. അതേസമയം മസാലകൾ ചേർത്ത പുലാവുകൾ അടക്കം നിരവധി മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയിരുന്നു. കേവലം ഭക്ഷണങ്ങളിൽ മാത്രമല്ല അത് കഴിക്കുന്ന രീതിയിലും ബ്രിട്ടീഷ് ശൈലി അവർ പിന്തുടർന്നിരുന്നു. വലിയ തീന്‍ മേശകളും വെള്ളിപാത്രങ്ങളും അലങ്കരിച്ച ക്രിസ്റ്റൽ ഗ്ലാസുകളും ഉദാഹരണങ്ങളാണ്. ചരിത്രത്തിന്‍റെ ഇത്തരം അവശേഷിപ്പുകൾ കടന്നുപോയ ഒരു യുഗത്തെയാണ് ഓർമപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

