രാജ്യത്തെ ദുഃഖങ്ങൾക്ക് കാരണം ഹിന്ദുത്വവാദികൾ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഹിന്ദുത്വ രാഷ്ട്രീയത്തെ വീണ്ടും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ഹിന്ദുത്വവാദികളാണ് പണപ്പെരുപ്പത്തിനും ഇപ്പോഴുള്ള ദുഃഖങ്ങൾക്കും വേദനകൾക്കും കാരണക്കാരെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേഠിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. ഹിന്ദുക്കൾ സത്യാഗ്രഹത്തിൽ വിശ്വസിക്കുന്നു. എന്നാൽ ഹിന്ദുത്വവാദികൾ സാത്താഗ്രാഹ്(രാഷ്ട്രീയ അത്യാഗ്രഹം)ത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഹിന്ദു എന്നതിന്‍റെ അർഥം നിങ്ങൾക്ക് പറഞ്ഞു തരാം. സത്യത്തിന്‍റെ പാത മാത്രം പിന്തുടരുന്നയാൾ, ഭയത്തിന് കീഴടങ്ങാത്തയാൾ, ഭയത്തെ അക്രമവും വെറുപ്പും ദേഷ്യവുമാക്കി മാറ്റത്തവർ എന്നിവരാണ് ഹിന്ദുക്കൾ. മഹാത്മഗാന്ധി ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രിയങ്ക ഗാന്ധിയോടൊപ്പം ആറ് കിലോ മീറ്റർ ദൈർഘ്യമുള്ള പദയാത്രയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു രാഹുൽ ഗാന്ധിയുെട പ്രസ്താവന. തന്‍റെ കുടുംബവും അമേഠിയും തമ്മിലുള്ള ബന്ധം ഒരിക്കലും തകർക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 2004ൽ ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ നിങ്ങൾ എന്നെ സ്നേഹമെന്താണെന്നും രാഷ്ട്രീയമെന്താണെന്നും പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി അമേഠിയിലെത്തുന്നത്.
ഗംഗയിൽ സ്നാനം നടത്തിയ മോദി തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സുപ്രധാനവിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

