ജാമിയ മസ്ജിദിൽ അതിക്രമിച്ചു കയറാൻ ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ശ്രമം
text_fieldsശ്രീരംഗപട്ടണ ജാമിയ മസ്ജിദ് പരിസരത്ത് ഹിന്ദുത്വ പ്രവർത്തകരെ പൊലീസ് തടയുന്നു
ബംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിലേക്ക് അതിക്രമിച്ചുകയറാൻ ഹിന്ദുത്വ സംഘടന പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഞായറാഴ്ച ശ്രീരംഗപട്ടണയിൽ നടന്ന ഹനുമ ജയന്തി സങ്കീർത്തന യാത്രക്കിടെയാണ് സംഭവം. എന്നാൽ, സംഘർഷാവസ്ഥ മുന്നിൽ കണ്ട് പൊലീസ് നേരത്തെതന്നെ മസ്ജിദിന് സംരക്ഷണം ഒരുക്കിയിരുന്നു. മസ്ജിദിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
രാവിലെ 10.30ന് നിമിഷംഭ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കോട്ടെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലായിരുന്നു ജാഥ സമാപിക്കേണ്ടിയിരുന്നത്. എന്നാൽ, ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ജാഥ ജാമിയ മസ്ജിദ് പരിസരത്തെത്തിയപ്പോൾ ചിലർ ജയ്ശ്രീറാം വിളികളോടെ ബാരിക്കേഡ് മാറ്റി അകത്തുകടക്കാൻ ശ്രമിച്ചു. 'അവിടെ രാമക്ഷേത്രം, ഇവിടെ ഹനുമാൻ ക്ഷേത്രം' തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.
എന്തു സാഹചര്യം വന്നാലും ജാമിയ മസ്ജിദിന്റെ സ്ഥാനത്ത് ഹനുമാൻ ക്ഷേത്രം നിർമിക്കുമെന്നും ഇവർ വിളിച്ചുപറഞ്ഞു. എന്നാൽ, പൊലീസ് സമയോചിതമായി ഇടപെട്ടതോടെ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അക്രമികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അധികം വൈകാതെ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.
സംഭവസ്ഥലം മാണ്ഡ്യ എസ്.പി വൈ. സതീഷ് സന്ദർശിച്ചു. ശ്രീരംഗപട്ടണയിൽ സങ്കീർത്തന യാത്ര കടന്നുപോവുന്നിടത്ത് 1000 പൊലീസുകാർക്ക് പുറമെ, 25 സി.സി.ടി.വി കാമറകളും രണ്ട് ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

