ലാത്തിയുമായി ജന്തർമന്തറിൽ, ദലിത് ആക്ടിവിസ്റ്റിന്‍റെ പിതാവിന് നേരെ ക്രൂര മർദനം; ആരാണ് ഹിന്ദുത്വ ഇന്‍ഫ്ലുവന്‍സർ ഭരദ്വാജ്?
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടുക്കെയുള്ള വിദ്യാർഥികൾ സി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം അടിച്ചമർത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നുവെന്നാണ് ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിലൂടെ വ്യക്തമാകുന്നത്. ജന്തർമന്തറിലെ സി.ജെ.പി സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന് പരസ്യമായി വെളിപ്പെടുത്തുകയും ബി.ജെ.പി നേതാക്കളുടെ സ്വാധീനത്താൽ ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്ന് ഇയാൾ അവകാശപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ വിദ്യാർഥി പ്രക്ഷേഭത്തിൽ അക്രമം അഴിച്ചുവിടാന്‍ ആരാണ് ഇത്തരക്കാർക്ക് അനുവാദം നൽകുന്നതെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ആരാണ് ഈ ഭരദ്വാജ്? എന്തിനാണ് ഇന്ത്യയിലെ യുവാക്കൾക്ക് നേരെ ഇത്തരം അക്രമങ്ങൾ അവർ നടത്തുന്നത്.
സി.ജെ.പി പ്രക്ഷോഭത്തെ ലക്ഷ്യമിട്ട് നിരവധി വിഡിയോകൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വതന്ത്ര ഭരദ്വാജ് പങ്കുവെച്ചിട്ടുണ്ട്. നിലവിൽ ഇൻസ്റ്റഗ്രാമിൽ 1.87 ലക്ഷം ഫോളോവേഴ്സാണ് ഭരദ്വാജിനുള്ളത്. ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ നടന്ന ലാത്തിച്ചാർജിനെയും പൊലീസ് നടപടിയെയും പുകഴ്ത്തുന്ന റീലുകളും ഇയാൾ പങ്കുവെച്ചിരുന്നു.
'സ്വതന്ത്ര സനാതനി യോദ്ധാവ്' എന്നാണ് ഭരദ്വാജ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കുറിച്ചിട്ടുള്ളത്. 'അറിവിൽ ഞങ്ങൾ ബ്രാഹ്മണരാണ്. യുദ്ധക്കളത്തിൽ ഞങ്ങൾ ക്ഷത്രിയരാണ്. സേവനത്തിൽ ഞങ്ങൾ ശൂദ്രരാണ്' എന്നും ബയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'സ്വതന്ത്ര ഹിന്ദു' എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. ജന്തർ മന്തറിൽ നടന്ന സമരത്തിൽ പങ്കെടുത്ത പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ലാത്തി കൈയിൽ പിടിച്ച് നിൽക്കുകയും ചെയ്യുന്ന ഭാരദ്വാജിന്റെ നിരവധി വിഡിയോകൾ അയാൾ തന്റെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ജൂലൈ 22ന് പങ്കുവെച്ച ഒരു വിഡിയോയിൽ ഒരു കൂട്ടം ആളുകൾക്കൊപ്പം ലാത്തിയുമായി നിൽക്കുന്ന ഭരദ്വാജിനെ കാണാം. 'യഥാർഥ ഗുണ്ടകൾ ഇപ്പോൾ എത്തിയിട്ടുണ്ട്. യഥാർഥ ഗുണ്ടായിസം എന്താണെന്ന് ഞങ്ങൾ കാണിച്ചുതരും' എന്നാണ് ഈ സ്വയംപ്രഖ്യാപിത സ്വതന്ത്ര ഹിന്ദു വിഡിയോയിൽ പറയുന്നത്. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ ആളുകൾ ചുറ്റിക്കറങ്ങുന്നുണ്ടെന്നും ഒരാളെപ്പോലും കാണുന്നില്ലെന്നും പറയുന്നു.
ദലിത് വിദ്യാർഥി നിഷുവിന്റെ പിതാവ് സഞ്ജയ് കുമാറിനെ പ്രതിഷേധത്തിനിടെ ആക്രമിക്കുകയും തലയോട്ടി പൊട്ടിക്കുകയും ചെയ്തതായി ഭാരദ്വാജ് പരസ്യമായി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം ഉയർന്നത്. 'നിഷുവിന്റെ അച്ഛന്റെ തല ഞങ്ങൾ പൊട്ടിച്ചു... ഇതിന് ഏത് വകുപ്പാണ് ചുമത്തുകയെന്ന് നിങ്ങൾക്കറിയാമോ? വധശ്രമം. വകുപ്പ് 307. തലയിൽ 60 തുന്നലുകൾ വേണ്ടിവന്നു. ഗുരുതരാവസ്ഥയിൽ അയാളെ ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. തന്റെ അച്ഛന് നീതി ലഭിച്ചില്ലെങ്കിൽ വിഷം കഴിച്ച് മരിക്കുമെന്ന് അദ്ദേഹത്തിന്റെ മകൾ പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് പറയുകയായിരുന്നു' എന്നാണ് വിഡിയോയിൽ ഭരദ്വാജ് പറയുന്നത്.
എന്നാൽ പിന്നീട് ഭരദ്വാജ് ഈ പരാമർശം നിഷേധിച്ചു. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും ഇയാൾ അവകാശപ്പെട്ടു. താൻ മറ്റൊരാളെ ആക്രമിച്ചത് സ്വയരക്ഷയ്ക്കു വേണ്ടിയാണെന്നും അല്ലായിരുന്നെങ്കിൽ ആൾക്കൂട്ടം തന്നെ ആക്രമിച്ച് കൊല്ലുമായിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

