പ്രാർഥനക്ക് ഇടം നൽകിയെന്ന്; കോലാർ സ്കൂളിൽ ഹിന്ദുത്വപ്രവർത്തകരുടെ അതിക്രമം
text_fieldsRepresentative Image
ബംഗളൂരു: കോലാറിലെ സ്കൂളിൽ വിദ്യാർഥികൾക്ക് പ്രാർഥനക്ക് ഇടം നൽകിയതിൽ പ്രതിഷേധിച്ച് ഹിന്ദുത്വപ്രവർത്തകരുടെ അതിക്രമം. സ്കൂളിലേക്ക് സംഘടിച്ചെത്തിയ ഹിന്ദുത്വപ്രവർത്തകർ ഓഫിസ് മുറിയിൽ കയറി അധ്യാപകരടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
കോലാർ മുൽബാഗൽ സോമേശ്വര പാളയ ബലേ ചംഗപ്പ ഗവ. കന്നഡ മോഡൽ ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ മുതൽ സ്കൂളിലെ മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച പ്രാർഥനക്ക് ഒരു ക്ലാസിൽ സ്ഥലമനുവദിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികൾ ക്ലാസിൽ പ്രാർഥന നിർവഹിക്കുന്നതിന്റെ വിഡിയോ ആരോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.
എന്നാൽ, ഹിന്ദുത്വപ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ ഹെഡ്മിസ്ട്രസ് ഉമാദേവി സ്കൂളിൽ പ്രാർഥന നടന്നതിനെക്കുറിച്ച് തനിക്കറിവില്ലായിരുന്നെന്ന് പറഞ്ഞു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ അറിയിച്ചപ്പോഴാണ് താൻ ഇക്കാര്യം മനസ്സിലാക്കിയതെന്ന് അവർ അവകാശപ്പെട്ടു.
എന്നാൽ, കുട്ടികൾക്ക് അനുവാദം നൽകിയെന്ന് ഹെഡ്മിസ്ട്രസ് സമ്മതിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ഗിരിജേശ്വരി ദേവി പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷിക്കാൻ ഒരു സമിതിയെ സ്കൂളിലേക്കയച്ച് റിപ്പോർട്ട് വാങ്ങിയതായും അവർ പറഞ്ഞു. 375 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ 165 വിദ്യാർഥികൾ മുസ്ലിം വിഭാഗത്തിൽനിന്നുള്ളവരാണ്. ഇതിൽ 20ഓളം വിദ്യാർഥികളാണ് സ്കൂളിൽ പ്രാർഥന നടത്തിയിരുന്നത്. സംഭവത്തിൽ കോലാർ ഡെപ്യൂട്ടി കമീഷണർ ഉമേഷ് കുമാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് ലോക്ഡൗണിനുശേഷം സ്കൂൾ തുറന്നതോടെ വിദ്യാർഥികളെ മുഴുവൻ സമയവും ക്ലാസിൽ പിടിച്ചിരുത്തുക ദുഷ്കരമായതിനാലാണ് വെള്ളിയാഴ്ച പ്രാർഥനക്ക് സ്കൂളിൽ അവസരം നൽകിയതെന്നാണ് വിവരം.
സാധാരണ മിക്ക കുട്ടികളും വെള്ളിയാഴ്ച പ്രാർഥനക്കായി പുറത്തുപോയാൽ പിന്നീട് ക്ലാസിൽ തിരിച്ചെത്താതിരിക്കുന്നത് തടയുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

