'പത്താൻ' പ്രദർശനം തടയാൻ ശ്രമം, തിയറ്ററിന് കല്ലേറ്; ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കേസ്
text_fieldsബംഗളൂരു: കർണാടകയിൽ 'പത്താൻ' സിനിമ പ്രദർശനം തടയാൻ ശ്രമിക്കുകയും തിയറ്ററിന് നേരെ കല്ലെറിയുകയും ചെയ്ത സംഭവത്തിൽ 30 ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കേസ്. നിരവധിയിടങ്ങളിൽ സംഘ്പരിവാർ നേതൃത്വത്തിൽ സിനിമക്കെതിരെ പ്രതിഷേധമുയർത്തി.
ബെൽഗാമിലെ സ്വരൂപ് നർത്തകി തിയറ്ററിലാണ് പ്രദർശനം തടയാനുള്ള ശ്രമമുണ്ടായത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി 30 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് സുരക്ഷയിലാണ് സിനിമ പ്രദർശിപ്പിച്ചത്.
സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും തിയറ്റർ ഉടമകൾ വിട്ടുനിൽക്കണമെന്ന് ബി.ജെ.പി എം.എൽ.എ അഭയ് പാട്ടീൽ ആവശ്യപ്പെട്ടു. കാവി നിറമുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചിരിക്കുകയാണ് സിനിമയിലെ നടി. കാവി മോശം നിറമാണെന്ന് പറയുന്ന പാട്ടും ഉണ്ട്. തിയറ്റർ ഉടമകൾ ഉത്തരവാദിത്തം കാട്ടണം. സാമ്പത്തിക ലാഭത്തിന് വേണ്ടി ഹിന്ദുമതത്തോടുള്ള ബഹുമാനം ഇല്ലാതാക്കരുത്. സിനിമയിൽ സ്ത്രീകളെ ചിത്രീകരിച്ച രീതിക്കെതിരെ സ്ത്രീകൾ തന്നെ എതിർപ്പറിയിച്ചിട്ടുണ്ട്. തിയറ്റർ ഉടമകൾ ഇക്കാര്യം മനസിൽ സൂക്ഷിക്കണം -അഭയ് പാട്ടീൽ പറഞ്ഞു.
കർണാടകയിലെ ഗുൽബർഗയിലും ഹിന്ദുത്വവാദികൾ സിനിമക്കെതിരെ രംഗത്തെത്തി. ചിത്രം പ്രദർശിപ്പിക്കുന്ന ഷെട്ടി സിനിമാസിന് നേരെ കല്ലേറുണ്ടായി. കർണാടകയിൽ നിരവധി തിയറ്ററുകൾക്ക് മുമ്പിൽ ഹിന്ദുത്വവാദികൾ പ്രതിഷേധവുമായെത്തി.