രാജ്യത്ത് ഹിന്ദുക്കൾ അപകടത്തിലായെങ്കിൽ അതിന്റെ ഉത്തരവാദികൾ ആര്? കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് ശിവസേന എം.എൽ.എ ആദിത്യ താക്കറെ
text_fieldsമുംബൈ: ഹിന്ദുക്കളുടെ നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഭരണകക്ഷിയായ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്ര നിയമസഭയിലെ മൺസൂൺ സെഷൻ പുരോഗമിക്കുന്നതിനിടെയാണ് കടുത്ത ആക്രമണം.
‘കഴിഞ്ഞ പതിനൊന്ന് വർഷമായി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഒരു ബി.ജെ.പി സർക്കാർ ഉണ്ട് എന്നതാണ് ദുഃഖകരമായ കാര്യം. അത്തരമൊരു സാഹചര്യത്തിൽ ഹിന്ദുക്കൾ അപകടത്തിലാണെങ്കിൽ ഒരു ബി.ജെ.പി സർക്കാർ ഉണ്ടായിരിക്കുന്നതിന്റെ അർത്ഥമെന്താണ്?’- ആദിത്യ താക്കറെ ചോദിച്ചു. മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ മംഗൾ പ്രഭാത് ലോധക്കെതിരെയും താക്കറെ രൂക്ഷവിമർശനമെയ്തു.
‘ഇന്നലെ മംഗൾ പ്രഭാത് ലോധ സാഹിബ് കുർള ഐ.ടി.ഐയിൽ റോഹിംഗ്യകളുടെയും ബംഗ്ലാദേശികളുടെയും എണ്ണം വർധിച്ചുവരുന്നുവെന്ന് ട്വീറ്റ് ചെയ്തു. അദ്ദേഹം അവിടെ പോയി അവർ റോഹിംഗ്യകളും ബംഗ്ലാദേശികളുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ അവർ എപ്പോഴാണ് എത്തിയത്? അതിർത്തി സുരക്ഷക്ക് ആരാണ് ഉത്തരവാദി? അത് നിങ്ങളുടെ സ്വന്തം കേന്ദ്ര സർക്കാർ തന്നെയാണ്’- ആദിത്യ താക്കറെ പറഞ്ഞു.
‘ഒന്നുകിൽ നിങ്ങൾ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കുറ്റപ്പെടുത്തുകയാണ്. ലോധ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഞാൻ മുഖ്യമന്ത്രിക്ക് കത്തെഴുതും. സ്വന്തം സർക്കാർ പരാജയപ്പെട്ടുവെന്ന് സൂചിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ? ട്രംപ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതുപോലെ ഫഡ്‌നാവിസും ഇവിടെ അത് തന്നെയല്ലേ ചെയ്യുന്നതെ’ന്നും താക്കറെ ചോദിച്ചു.
നേരത്തെ മുംബൈയിലെ കുർള ഐ.ടി.ഐ കാമ്പസിലെ 9,000 ത്തോളം മരങ്ങൾ വെട്ടിമാറ്റാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി താക്കറെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ബംഗ്ലാദേശി റോഹിംഗ്യകളുടെ കയ്യേറ്റങ്ങൾ താക്കറെ പിന്തുണക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന മന്ത്രി മംഗൾ പ്രഭാത് ലോധ ആരോപണം നിഷേധിച്ചു. നിർമാണത്തിനായി മരങ്ങൾ മുറിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് മന്ത്രി താക്കറെയുടെ ആരോപണങ്ങളെ എതിർത്തു. കുർള മൈതാനത്തിന്റെ മറുവശം ബംഗ്ലാദേശി റോഹിംഗ്യകൾ കയ്യേറിയതായും ലോധ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

