മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; രാജസ്ഥാനിൽ കൈകോർത്ത് ഹിന്ദുക്കളും മുസ്‌ലിംകളും
text_fieldsബാർമർ/ജയ്‌സാൽമീർ: വർഗീയ ധ്രുവീകരണങ്ങൾക്കിടയിലും രാജസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ മാതൃകാപരമായ മതസൗഹാർദ്ദത്തിന്റെ കാഴ്ച. ബാർമർ, ജയ്‌സാൽമീർ ജില്ലകളിലെ മുസ്‌ലിം ആരാധനാലയങ്ങൾ അധികൃതർ പൊളിച്ചുനീക്കുന്നതിനെതിരെ ഹിന്ദുക്കളും മുസ്‌ലിംകളും ഒത്തുചേർന്ന് രംഗത്തിറങ്ങി. ‘സർവ്വധർമ്മ ശാന്തി സഭ’ എന്ന പേരിലാണ് ഇരുവിഭാഗങ്ങളും ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
ആരാധനാലയങ്ങൾ പൊളിക്കുന്ന നടപടി നിർത്തിവെക്കണമെന്നും, ഏതെങ്കിലും നടപടി സ്വീകരിക്കുന്നതിന് മുമ്പ് നിയമപരമായ സുതാര്യത ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാർമറിലെ ബാദ്ബീർ ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ ഇരു സമുദായങ്ങളും സംയുക്തമായി മാർച്ച് നടത്തി ഭരണകൂടത്തിന് നിവേദനം സമർപ്പിച്ചു.
ആരാധനാലയങ്ങൾക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ പാരാഡിയ ഗ്രാമപഞ്ചായത്ത് സർപഞ്ച് സുർത്താറാം മേഘ്‌വാൾ തുറന്നടിച്ചു. ‘ഇതൊരു അധികാരിക നടപടി എന്നതിലുപരി നിയമനടപടികൾ പാലിക്കാത്ത ഏകപക്ഷീയമായ നീക്കമാണ്. മുസ്‌ലിംകളുടെ ആരാധനാലയങ്ങൾ മാത്രം ലക്ഷ്യം വെക്കുന്നതിന് പകരം, ക്ഷേത്രങ്ങൾ ഉൾപ്പെടെ എല്ലാ മതസ്ഥാപനങ്ങളും ഇതേ മാനദണ്ഡങ്ങൾ വെച്ച് പരിശോധിക്കണം’-അദ്ദേഹം പറഞ്ഞു. ബാദ്ബീറിലെ ആരാധനാലയങ്ങൾ തകർത്തതിന് ശേഷമാണ് ഗ്രാമീണർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നും മേഘ്‌വാൾ കൂട്ടിച്ചേർത്തു.
മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ തങ്ങൾക്കേറ്റ അടിയാണെന്നും, സമുദായങ്ങൾ തമ്മിൽ ഇവിടെ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജസ്ഥാനിലെ ജനങ്ങളുടെ ഐക്യം തകർക്കാൻ ആർക്കും കഴിയില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾ എപ്പോഴും മുസ്‌ലിം സഹോദരങ്ങൾക്കൊപ്പമുണ്ടാകും’- സർപഞ്ച് ഉറപ്പിച്ചു പറഞ്ഞു.
ഈ പ്രതിഷേധം ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഗ്രാമത്തിന്റെ ഐക്യത്തെ സംരക്ഷിക്കാനാണെന്നും പങ്കെടുത്ത ഉദറാം മേഘ്‌വാൾ പറഞ്ഞു. ‘തലമുറകളായി നമ്മൾ ഇവിടെ ഐക്യത്തോടെ ജീവിക്കുന്നു. ഒരു ആരാധനാലയം പൊളിക്കുമ്പോൾ അത് ഗ്രാമത്തിലെ മുഴുവൻ ആളുകളെയും ബാധിക്കുന്നു. പുറത്തുള്ളവർക്ക് ഇത് ഹിന്ദു-മുസ്‌ലിം പ്രശ്നമായി തോന്നാമെങ്കിലും, ഇവിടെ ഞങ്ങൾ സൗഹാർദ്ദത്തോടെയാണ് കഴിയുന്നത്’- അദ്ദേഹം പറഞ്ഞു.
ഭരണകൂടം ഇതിനെ ‘ഒഴിപ്പിക്കൽ' എന്ന പേരിൽ ന്യായീകരിക്കുമ്പോഴും, പ്രാദേശിക ജനങ്ങളുമായി കൂടിയാലോചനകളോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തകർത്ത ‘മസാറുകൾ’ വർഷങ്ങൾ പഴക്കമുള്ളതും ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ വണങ്ങിയിരുന്നവയുമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
രാജസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ നടക്കുന്ന ‘ഓപറേഷൻ സ്വീപ്’ എന്ന സുരക്ഷാ ഡ്രൈവിന്റെ ഭാഗമായാണ് നടപടികളെന്നാണ് സർക്കാർ വാദം. എന്നാൽ, ജയ്‌സാൽമീർ, ബിക്കാനീർ, ശ്രീഗംഗാനഗർ, ബാർമർ തുടങ്ങിയ അതിർത്തി ജില്ലകളിലെ മുസ്‌ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. ഏകദേശം 350 ഓളം പള്ളികൾക്ക് ഇതിനകം നോട്ടീസ് നൽകിയതായി ‘അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്’ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളെ വകവെക്കാതെ, തങ്ങളുടെ പ്രദേശത്തെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ നിയമപരമായ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ, മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ് എന്നിവർ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

