ന്യൂഡൽഹി: മതേതരവാദികളായ മാതാപിതാക്കളും, പാശ്ചാത്യ രീതിയിലെ ജന്മദിനാഘോഷങ്ങളും പുതുവത്സരാഘോഷങ്ങളുമാണ് ഹിന്ദു യുവതികൾ മുസ്ലിം പുരുഷൻമാരിൽ ആകൃഷ്ടരായി ലൗ ജിഹാദിലെത്തുന്നതിനുള്ള കാരണങ്ങളിൽ ചിലതെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി.) മാഗസിൻ. വെള്ളിയാഴ്ച പുറത്തിറങ്ങിയ 'ഹിന്ദു വിശ്വ'യുടെ പുതിയ പതിപ്പിലാണ് ഇതുസംബന്ധിച്ച ലേഖനങ്ങൾ ഉള്ളത്.
'ഇന്ത്യയെ ലൗ ജിഹാദിൽനിന്ന് രക്ഷിക്കുക' എന്ന പേരിലെ കവർ സ്റ്റോറിയുടെ ഭാഗമായി 11 ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലൗ ജിഹാദ് എന്ന് ആരോപിച്ച് 147 സംഭവങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 147 കേസുകളെക്കുറിച്ചുള്ള ഗവേഷണ ഡാറ്റയിലൂടെ ഇന്ത്യയിലാകമാനമുള്ള ലൗ ജിഹാദ് ഗൂഢാലോചന തുറന്നുകാട്ടി -മാഗസിൻ പറയുന്നു.
മാതാപിതാക്കൾ മക്കളെ പാശ്ചാത്യ ജീവിത രീതിയിൽ വളർത്തുന്നതാണ് പ്രശ്നമെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് രമേശ് ഷിൻഡെയുടെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മതേതരരായിത്തീർന്ന ഹിന്ദു മാതാപിതാക്കളുടെ പെൺകുട്ടികളെ പ്രണയത്തിൽ വീഴ്ത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എല്ലാ മതങ്ങളും തുല്യമാണ് എന്നൊക്കെയാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്- 'ലൗ ജിഹാദ്: ഒരു ആഗോള ഗൂഢാലോചന' എന്ന ലേഖനത്തിൽ ഷിൻഡെ പറയുന്നു.
'നമ്മൾ പാശ്ചാത്യ ജീവിതരീതിയുടെ അടിമകളായി. ജൻമദിനത്തിന് കേക്ക് മുറിക്കുന്നു, പുതുവത്സരം ആഘോഷിക്കുന്നു, കൂടാതെ മറ്റു കാര്യങ്ങളും ക്രിസ്ത്യൻ മതം അനുസരിച്ച് ചെയ്യുന്നതിൽ അവർക്ക് പ്രശ്നമേയില്ല. പിന്നീട് അവർ മതേതര കാഴ്ചപ്പാടിൽ ചിന്തിക്കാൻ തുടങ്ങുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു.
'ഖാൻ' നടൻമാർക്കെല്ലാം ഹിന്ദു ഭാര്യമാരുള്ള ബോളിവുഡും മോശം സ്വാധീനം ഉണ്ടാക്കുന്നുണ്ട്. ഇത് കണ്ട് പാവപ്പെട്ട ഹിന്ദു കുടുംബത്തിലെ പെൺകുട്ടികൾ ചതിക്കപ്പെടുന്നു. എൻെറ ഭാര്യക്ക് ഹിന്ദുവാകാം, എന്നാൽ എൻെറ മകൻ മുസ്ലിം മാത്രമായിരിക്കും എന്ന് പുരോഗമന ചിന്താഗതിക്കാരനും മതേതരനും എന്ന് സ്വയം അവതരിപ്പിക്കുന്ന ആമിർ ഖാൻ വരെ പറഞ്ഞിട്ടുണ്ട്' -രമേശ് ഷിൻഡെ എഴുതുന്നു.
2011 - 2020 കാലയളവിൽ 147 ലൗ ജിഹാദ് കേസുകളുണ്ടായെന്നും, പുതിയ കേസുകളിൽ ചിലത് ഉത്തർ പ്രദേശിൽ നിന്നാണെന്നും 'ഹിന്ദു വിശ്വ' പറയുന്നു. ലൗ ജിഹാദ് കേസുകളിൽ വർധനവുണ്ടായെന്നാണ് 'ഹിന്ദു വിശ്വ' എഡിറ്റർ വിജയ് ശങ്കർ തിവാരി എഴുതുന്നത്. 'ലൗ ജിഹാദ് നടത്തുന്ന അതേ വിഭാഗമാണ് മത ജിഹാദും തീവ്രവാദവും നടത്തുന്നത്. ഈ പ്രശ്നങ്ങൾ രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി നിയന്ത്രിക്കേണ്ടതുണ്ട്' -തിവാരി ലേഖനത്തിൽ പറയുന്നു.
മൂന്ന് വർഷത്തിനിടെ 2,667 ഹിന്ദു പെൺകുട്ടികൾ ഇസ്ലാം സ്വീകരിച്ചെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞെന്ന്
മൂന്ന് വർഷത്തിനിടെ 2,667 ഹിന്ദു പെൺകുട്ടികൾ ഇസ്ലാം സ്വീകരിച്ചതായി കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2012ൽ പറഞ്ഞെന്നാണ് വി.എച്ച്.പിയുടെ കേന്ദ്ര വർക്കിങ് പ്രസിഡൻറ് അലോക് കുമാർ തൻെറ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് 79 പെൺകുട്ടികൾ ഹിന്ദു മതത്തിലേക്കും രണ്ട് പേർ ക്രിസ്ത്യൻ മതത്തിലേക്കും മടങ്ങിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞതായി അലോക് എഴുതുന്നു.
ഉർദു ഭാഷക്കെതിരെയും ആക്രമണം
വി.എച്ച്.പി വക്താവ് വിനോദ് ബൻസാലിൻെറ കുറിപ്പിൽ ഉർദു ഭാഷക്കെതിരെയാണ് ആക്രമണം നടത്തുന്നത്. 227 ഉർദു വാക്കുകളുടെ പട്ടിക നൽകി, യഥാർഥത്തിൽ ഇവ ഹിന്ദിയാണെന്ന് തിരിച്ചറിയാതെയാണ് ആളുകൾ ഉപയോഗിക്കുന്നതെന്നാണ് ബൻസാൽ പറയുന്നത്.