ബംഗളൂരു: മതത്തിെൻറയും ജാതിയുടെയും പേരിൽ സംസ്ഥാനത്ത് കോൺഗ്രസ് വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗളൂരുവിൽ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ യോഗി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ താൻ ഹിന്ദുവാണെന്ന പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. ഹിന്ദുവാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ബീഫ് പ്രോത്സാഹിപ്പിക്കുന്നതെന്നും വിജയനഗറിൽ ബി.ജെ.പി നവ കർണാടക പരിവർത്തന റാലിയിൽ അദ്ദേഹം ചോദിച്ചു.
ബീഫ് ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന സിദ്ധരാമയ്യ ഇതുവരെ ഹിന്ദുവാണെന്ന് അവകാശപ്പെട്ടിരുന്നില്ല. ബി.ജെ.പി അധികാരത്തിലുള്ളപ്പോൾ ഗോവധം നിരോധിച്ച് നിയമം പാസാക്കിയിരുന്നു. എന്നാൽ, കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ഉടനെ നിയമം പിൻവലിക്കുകയാണുണ്ടായത്. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തതോടെ സിദ്ധരാമയ്യ താൻ ഒരു ഹിന്ദുവാണെന്ന് ഓർമപ്പെടുത്തുകയാണെന്നും യോഗി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നു. 20 ഹിന്ദുത്വ പ്രവർത്തകരാണ് കർണാടകയിൽ കൊല്ലപ്പെട്ടത്. മുത്തലാഖ് ബില്ലിനെ സംസ്ഥാന സർക്കാർ എതിർക്കുകയാണ്. സുപ്രധാന സ്ത്രീ ശാക്തീകരണ ബില്ലിന്മേൽ കോൺഗ്രസ് പർട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും യോഗി പറഞ്ഞു.