‘ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, അതുപോലെ ആർ.എസ്.എസും’ -പ്രിയങ്ക് ഖാർഗെയുടെ കത്തിന് മോഹൻ ഭാഗവതിന്റെ മറുപടി
text_fieldsന്യൂഡൽഹി: ആർ.എസ്.എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും സംഘടന സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നില്ലെന്നും സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത്. ആർ.എസ്.എസിനോട് രജിസ്റ്റർ ചെയ്യാനും സാമ്പത്തികവിവരങ്ങൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ അയച്ച തുറന്നകത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ഇതുപോലെ രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. സർക്കാർ ഫണ്ട് ആവശ്യമുള്ളവർക്ക് മാത്രമാണ് രജിസ്ട്രേഷൻ വേണ്ടത്’ -ആർ.എസ്.എസ് മേധാവി പ്രതികരിച്ചു. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാറിന് കൃത്യമായി അറിയാമെന്നും ഇത്തരം പ്രസ്താവനകൾ കേവലം രാഷ്ട്രീയപ്രേരിതമായ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളെക്കുറിച്ച് ജനങ്ങളില്‍ സംശയം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. എന്നാല്‍, അത് സാധ്യമല്ല. ആർ.എസ്.എസ് രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ശാഖകളും മറ്റ് യോഗങ്ങളും പൊതുസ്ഥലങ്ങളിലാണ് നടത്തുന്നത്. ആർ.എസ്.എസുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍, ആർ.എസ്.എസിനെ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുന്നില്ല. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാതെ പലതുമുണ്ട്. 100 വര്‍ഷമായി ആര്‍.എസ്.എസ് രാജ്യത്തുണ്ട്. ഇക്കാലത്തിനിടെ ആരും രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടില്ല’ -ഭാഗവത് കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കാലഘട്ടത്തിൽ പൊതുജനങ്ങളുടെ പിന്തുണയോടെയാണ് ആർ.എസ്.എസ് ആരംഭിച്ചത്. സംഘടനയുടെ ഭരണഘടന 1950-കളിൽതന്നെ സർക്കാറിന് സമർപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ.എസ്.എസ് ശതാബ്ദി ആഘോഷത്തിലേക്ക് കടക്കുമ്പോൾ, സംഘടനയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നാണ് മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടത്. പൗരന്മാർ, ട്രസ്റ്റുകൾ, ക്ഷേത്രങ്ങൾ, കമ്പനികൾ എന്നിവർക്ക് ബാധകമായ നിയമങ്ങൾ ആർ.എസ്.എസിനും ബാധകമാണെന്നും, അതിനാൽ രജിസ്ട്രേഷൻ, സാമ്പത്തിക സ്രോതസ്സ്, നികുതി വിവരങ്ങൾ തുടങ്ങിയവ വെളിപ്പെടുത്തണമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
ജനാധിപത്യ രാജ്യത്ത് എത്ര വലിയ സംഘടനയായാലും ഭരണഘടനക്ക് അതീതമല്ലെന്നും പ്രിയങ്ക് വിമർശനമുന്നയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

