ഹിന്ദുരാഷ്ട്ര സങ്കൽപം ഗൗരവമായി കാണുന്നു -മോഹൻ ഭാഗവത്
text_fieldsനാഗ്പൂർ: ഹിന്ദുരാഷ്ട്രസങ്കൽപം ഗൗരവമായി കാണുന്നുവെന്നും ചിലർ ന്യൂനപക്ഷങ്ങൾ അപകടത്തിലാണെന്ന വാദം പ്രചരിപ്പിക്കുകയാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് തലവൻ മോഹൻ ഭാഗവത്. ഇതിന് ആർ.എസ്.എസുമായോ ഹിന്ദുക്കളുമായോ ബന്ധമില്ല. ആർ.എസ്.എസ് ദസറ റാലിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. അസമത്വത്തെക്കുറിച്ചുള്ള ആശങ്ക ഉയരുന്നകാലത്ത് സാഹോദര്യം, സൗഹാർദം, സമാധാനം എന്നിവയുടെ പക്ഷത്ത് നിൽക്കാൻ സംഘം ദൃഢപ്രതിജ്ഞയെടുക്കുന്നു. ക്ഷേത്രങ്ങളും ജലസ്രോതസ്സുകളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കൾക്കും തുറന്നിട്ടില്ലെങ്കിൽ സമത്വത്തെക്കുറിച്ചുള്ള സംസാരം വെറും സ്വപ്നമായി മാറും.
ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് തയ്യൽക്കാരനും ഫാർമസിസ്റ്റും കൊല്ലപ്പെട്ട ഉദയ്പുർ, അമരാവതി സംഭവങ്ങൾ ആവർത്തിക്കരുത്. ഒരു പ്രത്യേക സമുദായത്തെ മൊത്തത്തിൽ അതിന്റെ മൂലകാരണമായി കണക്കാക്കരുത്.
സംഘത്തിന് ആളുകളുടെ സ്നേഹവും വിശ്വാസവും ലഭിക്കുന്നുണ്ട്. അത് ശക്തമാകുമ്പോൾ, ഹിന്ദുരാഷ്ട്രം എന്ന ആശയം ഗൗരവമായി കാണും -അദ്ദേഹം പറഞ്ഞു. 'പലരും ഈ ആശയത്തോട് യോജിക്കുന്നു, പക്ഷേ 'ഹിന്ദു' എന്ന വാക്കിനെ എതിർക്കുന്നു.
അവർ മറ്റ് വാക്കുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. ഞങ്ങൾക്ക് അതിൽ പ്രശ്നമില്ല. ആശയവ്യക്തതക്കായി ഞങ്ങൾ ഹിന്ദു എന്ന വാക്കിന് ഊന്നൽനൽകും. സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകണം. സ്ത്രീകളില്ലാതെ ഒരു സമൂഹം പുരോഗതി പ്രാപിക്കില്ല.
ഉദയ്പുർ സംഭവത്തിന് ശേഷം, മുസ്ലിം സമൂഹത്തിലെ ചില പ്രമുഖർ ഇതിനെതിരെ പ്രതിഷേധിച്ചു. മുസ്ലിം സമൂഹത്തിനുള്ളിലെ ഈ രീതിയിലുള്ള പ്രതിഷേധം ഒറ്റപ്പെട്ടതാകരുത്. -അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പ്രതികൾ ഹിന്ദുക്കളാണെങ്കിലും ഹിന്ദുസമൂഹം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
പ്രകോപനം എന്തുതന്നെയായാലും പ്രതിഷേധം നിയമത്തിന്റെയും ഭരണഘടനയുടെയും അതിരുകൾക്കുള്ളിലായിരിക്കണം. സാഹോദര്യം, സൗഹാർദം, സമാധാനം എന്നിവയുടെ പക്ഷത്ത് നിൽക്കൽ സംഘതീരുമാനമാണ്. ന്യൂനപക്ഷങ്ങളിൽ ചിലർ തങ്ങളുടെ ആശങ്ക പങ്കുവെച്ചു. ചിലർ സംഘഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അത് തുടരും -അദ്ദേഹം പറഞ്ഞു.