‘മാംസാഹാര വിൽപ്പന നിരോധിക്കണം’; യു.പിയിൽ കെ.എഫ്.സി ഔട്ട്‌ലെറ്റിനു പുറത്ത് ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം
text_fieldsലക്നോ: ഹൈന്ദവരുടെ പുണ്യ മാസമായ ശ്രാവണിന്റെ സയമത്ത് സസ്യേതര ഭക്ഷണം വിൽക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ ദൾ പ്രവർത്തകർ ഗാസിയാബാദിലെ കെ.എഫ്.സി ഔട്ട്‌ലെറ്റിനു പുറത്ത് പ്രതിഷേധിച്ചു. ‘നസീർ’ എന്നു പേരുള്ള ഒരു പ്രാദേശിക ഭക്ഷണശാലക്കു പുറത്തും പ്രതിഷേധം നടന്നു. ഇതുമൂലം രണ്ട് സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നുവെന്ന് ‘ആജ് തക്’ റിപ്പോർട്ട് ചെയ്തു.
സി.സി.ടി.വി കാമറയിൽ പതിഞ്ഞ സംഭവം സമൂഹ മാധ്യമത്തിൽ വൈറലായി. ഓൺലൈനിൽ പ്രചരിച്ച ദൃശ്യങ്ങളിൽ വലതുപക്ഷ സംഘടനയിലെ അംഗങ്ങൾ കാവി പതാകകൾ വഹിച്ചുകൊണ്ട് ‘ജയ് ശ്രീറാം’, ‘ഹർ ഹർ മഹാദേവ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കാണാം. മറ്റൊരു വിഡിയോയിൽ ഗാസിയാബാദിലെ കെ.എഫ്.സി ഔട്ട്‌ലെറ്റിന്റെ ഷട്ടർ പ്രതിഷേധക്കാർ ബലമായി വലിച്ചിടുകയും തുടർന്ന് കടയുടെ മുൻവശത്ത് ‘ഹർ ഹർ മഹാദേവ്’ എന്ന് വിളിച്ചുകൊണ്ട് നിലയുറപ്പിക്കുകയും ചെയ്തു.
മറ്റൊരു വിഡിയോയിൽ, പ്രതിഷേധക്കാർ റെസ്റ്റോറന്റ് പരിസരത്ത് പ്രവേശിച്ച് ജീവനക്കാരെ നേരിടുകയും അടച്ചുപൂട്ടൽ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. ശ്രാവൺ മാസത്തിൽ ഈ ഇനങ്ങളെല്ലാം നിരോധിക്കണമെന്ന് ഒരു പ്രതിഷേധക്കാരൻ ആക്രോശിച്ചു. ഒരു വിഡിയോയിൽ സംഘടനയിലെ അംഗങ്ങൾ റെസ്റ്റോറന്റ് ജീവനക്കാരുമായി തർക്കിക്കുന്നത് കേൾക്കാം.
സാവൺ എന്നും ശ്രാവണ എന്നും അറിയപ്പെടുന്ന ഈ മാസം ഹിന്ദു കലണ്ടറിൽ ഒരു പുണ്യ മാസമായാണ് കണക്കാക്കപ്പെടുന്നത്. പല സ്ഥലങ്ങളിലും പ്രാദേശിക അധികാരികൾ ഈ മാസത്തിൽ മാംസ വിൽപനക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും സംസ്ഥാന വ്യാപകമായി നിരോധനം നിലവിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

