മഹാരാഷ്ട്രയിലെ ശനിവാർ വാഡയിൽ മുസ്‍ലിം സ്ത്രീകൾ നമസ്കരിച്ചു; സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധികലശം, നമസ്കരിച്ചവർക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി എം.പി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ശനിവാർ വാഡയിൽ മുസ്‍ലിം സ്ത്രീകൾ നമസ്കാരം നടത്തിയതിനു പിന്നാലെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ശുദ്ധികലശം നടത്തി. ബി.ജെ.പി രാജ്യസഭ എം.പി മേധ കുൽക്കർണിയുടെ നേതൃത്വത്തിലായിരുന്നു ശുദ്ധികലശ പരിപാടികൾ നടന്നത്. ശനിവാർ വാഡ സന്ദർശിക്കാനെത്തിയ മുസ്‍ലിം സ്ത്രീകളാണ് നമസ്കരിച്ചത്. അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം ബി.ജെ.പി എം.പിയുടെ നടപടിയെ വിമർശിച്ച് അജിത് പവാർ നയിക്കുന്ന എൻ.സി.പിയും കോൺഗ്രസും എ.എ.പിയും രംഗത്തുവന്നിട്ടുണ്ട്. നഗരസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ വോട്ടർമാരെ ധ്രുവീകരിക്കാനേ ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് സാധിക്കുകയുള്ളൂവെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
ഞായറാഴ്ച വിവിധ ഹിന്ദുത്വ പ്രവർത്തകർ ഗോമൂത്രം തളിച്ചും പ്രാർഥന നടത്തിയുമാണ് സ്ഥലത്ത് ശുദ്ധീകരണം നടത്തിയത്. മുസ്‍ലിംകൾ നമസ്കരിച്ച സ്ഥലത്ത് ശിവനെ ആരാധിച്ച് ശുദ്ധീകരിക്കണമെന്നും കുൽക്കർണി ആവശ്യപ്പെട്ടു. മറാത്ത സാമ്രാജ്യത്തിന്റെ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ ശനിവാർ വാഡയിൽ നമസ്കരിക്കുന്ന വിഡിയോ അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹിന്ദുക്കൾ ഒന്നിച്ചുനിൽക്കണമെന്നും അവർ എക്സിൽ കുറിച്ചു. ഹിന്ദു സംസ്കാരവും പാരമ്പര്യവും ഹിന്ദുമത ചരിത്രവും ആഘോഷിക്കപ്പെടേണ്ടതാണ്. എന്നാൽ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. ശനിവാർ വാഡ മുസ്‍ലിംകൾക്ക് പ്രാർഥന നടത്താനുള്ളതല്ല. അവിടെ നമസ്കാരം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുൽക്കർണി വ്യക്തമാക്കി.
പതിത് പവൻ, ഹിന്ദു സകാൽ സമാജം തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അവിടെ ഗോമൂത്രം തളിച്ചതിനു ശേഷം ശിവപ്രാർഥന നടത്തുകയും ചെയ്തു. ശനിവാർ വാഡ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണെന്നും മുസ്‍ലിം സ്ത്രീകൾ നമസ്കരിച്ചതിന് പരാതിയുണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് കമീഷണറുടെ മറുപടി.
ശിവജിയുടെ പിന്മുറക്കാരനായ ചക്രവര്‍ത്തി ഷാഹു മഹാരാജാവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു ഒന്നാമന്‍ പണികഴിപ്പിച്ച കോട്ടയാണ് ശനിവാര്‍ വാഡ. 13 നിലകളാണ് ഇതിനുള്ളത്. ശന്‍വാര്‍വാഡ എന്നും ഇത് അറിയപ്പെടുന്നു. 1736ല്‍ നിര്‍മിച്ച ഈ കോട്ട 1818ല്‍ വരെ പെഷ്വാസിന്റെ ആസ്ഥാനമായിരുന്നു. പിന്നീട് 1828ല്‍ ഉണ്ടായ തീപ്പിടിത്തത്തിൽ കോട്ടക്ക് കേടുപാടുകള്‍ സംഭവിച്ചു. കോട്ടയുടെ ഏതാനും ഭാഗങ്ങളാണ് ഇപ്പോൾ അവശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

