തകർക്കാനാവില്ല ജമ്മുവിലെ ഹിന്ദു മുസ്‍ലിം ഐക്യം; മുസ്‍ലിം പത്രപ്രവർത്തകന്റെ വീട് തകർത്തതിന് പകരം ഭൂമി സമ്മാനിച്ച് ഹിന്ദു കുടുംബം
text_fieldsഅർഫാസ് അഹമ്മദ് ദെയിങ് സംസാരിക്കുന്നു
ജമ്മു: നവഭാരതനിർമാണത്തിന്റെ പേരിൽ ഇന്ത്യയിലെ മുസ്‍ലിം സഹോദരങ്ങൾക്കുനേരെ അക്രമങ്ങൾ നടക്കുമ്പോഴും അധികാരി വർഗത്തിന്റെ ബുൾഡോസർ രാജിന്റെ ശബ്ദം മുഴങ്ങുമ്പോഴും നന്മയുടെ ഉറവവറ്റാത്ത മനുഷ്യർ ഭൂമിയിലുണ്ടെന്ന് വിളിച്ചുപറയുകയാണ് ജമ്മുവിലെ സംഭവം. ജമ്മു വികസന അതോറിറ്റി കഴിഞ്ഞ ദിവസം കൈയ്യേറ്റ ഭൂമിയിൽ വീട് നിർമിച്ചെന്നാരോപിച്ച് മുസ്‍ലിം പത്രപ്രവർത്തകനായ അർഫാസ് അഹമ്മദ് ദെയിങ്ങിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ജമ്മു നഗരത്തിൽ മാത്രമുള്ള ഓൺലൈൻ പോർട്ടലായിരുന്നു ദെയിങ് നടത്തിയിരുന്നത്. അധികാരി വർഗത്തിനെതിരെ സത്യം വിളിച്ചു പറഞ്ഞ പൗരന്റെ അവസ്‍ഥയായിരുന്നു അത്. പൊളിച്ച വീടിന് പകരം വീടുവെക്കാൻ സമ്മാനമായി സ്ഥലം നൽകാനൊരുങ്ങുകയാണ് ഹിന്ദു കുടുംബം.
ജമ്മുവിൽ നിന്നുള്ള ഗുൽവിന്ദർ @rebelliousdogra X-ൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു ജമ്മുവിലെ ഹിന്ദു മുസ്‍ലിം ഐക്യത്തിന്റെ മാതൃകാപരമായ ഉദാഹരണമാണിത്. ഇന്നലെ ജമ്മു വികസന അതോറിറ്റി പൊളിച്ചുമാറ്റിയ (816.75 ച.മീ) മൂന്ന് മർലകളുള്ള ഒരു മുസ്‍ലിം പത്രപ്രവർത്തകന്റെ വീടിന് പകരമായി ജമ്മുവിൽ നിന്നുള്ള ഒരു ഹിന്ദു കുടുംബം 5 മർലകളുടെ(1361.25 ച.മീ ) ഭൂമി സമ്മാനമായി നൽകി. ജമ്മുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാഹോദര്യം തകർക്കാൻ വിഭാഗീയ വർഗീയ ശക്തികൾക്ക് കഴിയില്ല.
ഭൂമി കൈമാറുന്ന വിഡിയോയിൽ ഭൂമി സമ്മാനമായി നൽകുന്നയാൾ പത്രപ്രവർത്തകനോടൊപ്പമാണ് ഞങ്ങളെന്ന് പ്രതിജ്ഞയെടുക്കുകയും പൊളിക്കൽ നടപടിയെ ‘ക്രൂരം’ മെന്ന് പറയുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങളിൽ, ബി.ജെ.പിയെയും ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെയും അദ്ദേഹം വിമർശിക്കുന്നത് കാണാം. ഹിന്ദു കുടുംബത്തിന്റെ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റി, അതേസമയം പൊളിച്ചുമാറ്റലിന്റെ സാഹചര്യങ്ങളെക്കുറിച്ച് ചോദ്യങ്ങളും ഉയരുന്നുണ്ട്. വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനിടെ തന്നെയും രണ്ട് സഹോദരന്മാരെയും മർദിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഡിജിറ്റൽ ന്യൂസ് പോർട്ടൽ നീസ് ശെഹർ ഇന്ത്യ നടത്തുന്ന ദെയിങ് പറഞ്ഞു.
ജമ്മു വികസന അതോറിറ്റി ഉദ്യോഗസ്ഥർ നാല് ബുൾഡോസറുകളും 700 നും 800 നും ഇടയിൽ പൊലീസുകാരും സുരക്ഷ ഉദ്യോഗസ്ഥരുമായി എത്തിയതായും ഇത് ഒരു ഗൂഢലക്ഷ്യമായിരുന്നെന്നും അദ്ദേഹംപറഞ്ഞു. തനിക്ക് ഫോൺ ചെയ്യാൻ അനുവാദമില്ലായിരുന്നെന്നും തന്നെ പരിക്കേൽപിക്കുകയും ചെയ്തു. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ എന്റെ ജോലി ചെയ്യാൻ എന്നെ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ, ഡസൻ കണക്കിന് പൊലീസുകാർ പൊളിക്കൽ കാണുന്നതും കെട്ടിടം തകർന്നതിനുശേഷം വിഡിയോ ചിത്രീകരിച്ച ദെയിങ്ങിനെ തടയുന്നതും കാണാം. വീട് കൈയേറ്റ ഭൂമിയിലാണെന്ന് ഉദ്യോഗസ്ഥൻ വാദിച്ചെങ്കിലും കഴിഞ്ഞ 40 വർഷമായി താമസിക്കുകയാണെന്നും ഒരു നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും ദെയിങ് പറഞ്ഞു. നിങ്ങൾ സത്യം വിളിച്ചുപറഞ്ഞാൽ, ഇത് നിങ്ങൾക്ക് സംഭവിക്കും, ഡെയ്ങ് പറഞ്ഞു. സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഉന്നത രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുക്കാത്തപ്പോൾ, ദെയിങ്ങിന്റെ വീട് പൊളിച്ചുമാറ്റിയത് എന്തുകൊണ്ടാണെന്ന് ചോദിച്ച് സിവിൽ സൊസൈറ്റി അംഗങ്ങളും നിരവധി പ്രാദേശിക ശബ്ദങ്ങളും ഭരണകൂടത്തെ വിമർശിച്ചു.
‘വലിയ മത്സ്യങ്ങളെ’ ലക്ഷ്യം വെച്ചിരുന്നെങ്കിൽ ഈ നീക്കത്തിന് അർത്ഥമുണ്ടാകുമായിരുന്നുവെന്ന് ജമ്മു ആസ്ഥാനമായുള്ള അഭിഭാഷകൻ ഷെയ്ഖ് ഷക്കീൽ പറഞ്ഞു. ബിജെപി നേതാവും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറുമായ കവിന്ദർ ഗുപ്തയുടെ എക്സൽസിയർ കോളനിയിലെ വീട് നിയമപരമായ സ്ഥലത്താണോ എന്നും പരിശോധിക്കണമെന്ന് അദ്ദേഹം ജമ്മു വികസന അതോറിറ്റിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

