മധ്യപ്രദേശ് വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ നിയമിച്ചു; ബി.ജെ.പി സർക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്
text_fieldsമധ്യപ്രദേശ് വഖഫ് ബോർഡ്
ഭോപ്പാൽ: രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ ഉൾകൊള്ളിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരം നിലവിൽ വന്ന പുതിയ ബോർഡിൽ, രണ്ട് ഹിന്ദു അംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ നടപടി. ബോർഡുകളിൽ മുസ്‍ലിം ഇതര അംഗങ്ങളെ കൂടി ഉൾപ്പെടുത്താൻ അനുവദിക്കുന്നതാണ് പുതിയ നിയമഭേദഗതി.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാറാണ് 10 അംഗങ്ങളുള്ള പുതിയ ബോർഡ് രൂപീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് ബോർഡിലെ ഹിന്ദു അംഗങ്ങൾ. ഇവർക്ക് പുറമെ നജ്മ ഹെപ്തുല്ല, ആതിഫ് അഖീൽ, ഫൈസാൻ ഖാൻ, ഫാത്തിമ ചൗധരി, ഷെയ്സ്ത സുൽത്താൻ, ശബാന ഖാൻ എന്നിവരും അംഗങ്ങളാണ്. സൻവാർ പട്ടേലിനെ ബോർഡ് ചെയർമാനായി നിയമിച്ചു. പിന്നാക്ക വിഭാഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമീഷണർ എക്സ്-ഓഫീഷ്യോ അംഗമായി ബോർഡിലുണ്ടാകും. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.
അതേസമയം വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് മധ്യപ്രദേശ് വഖഫ് ബോർഡ് പുനഃസംഘന. വഖഫ് സ്വത്തുക്കൾ എന്നത് മതപരമായ വിശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ട ഒന്നാണെന്നിരിക്കെ, അതിൽ ഇതര മതസ്ഥരെ നിയമിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്.
വഖഫ് സ്വത്തുക്കളുടെ സ്വഭാവം തികച്ചും മതപരവും മുസ്‍ലിം സമുദായത്തിന്റെ വിശ്വാസവുമായി ഇഴചേർന്നു നിൽക്കുന്നതുമാണ്. ഇത്തരം സ്വത്തുക്കളുടെ നടത്തിപ്പിലും തീരുമാനങ്ങളിലും സമുദായത്തിന് പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ഉണ്ടാകുന്നത് സ്വത്തുക്കളുടെ വിശുദ്ധിയെയും ഉദ്ദേശ്യത്തെയും ബാധിക്കുമെന്ന ഭയം ശക്തമാണ്. സമുദായത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഭരണകൂടം നടത്തുന്ന അനാവശ്യമായ ഇടപെടലായാണ് പല മുസ്‍ലിം സംഘടനകളും ഇതിനെ കാണുന്നത്. ഇത് ന്യൂനപക്ഷങ്ങളുടെ മതപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു.
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ഭരണനിർവ്വഹണവും സംരക്ഷണവുമാണ് വഖഫ് ബോർഡിന്റെ പ്രധാന ഉത്തരവാദിത്തം. വഖഫ് സ്വത്തുക്കളുടെ രേഖകൾ സൂക്ഷിക്കുക, അവയുടെ ഉപയോഗവും വരുമാനവും നിരീക്ഷിക്കുക, കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക, മതപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഈ സ്വത്തുക്കൾ വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ സുപ്രധാന ചുമതലകളാണ് ഈ സമിതിക്കുള്ളത്.
നേരത്തെ നിയമിക്കപ്പെട്ട അംഗങ്ങളിൽ ചിലർക്ക് ഇനിയും കാലാവധി ബാക്കിയുള്ളതിനാൽ, അവരെ പുതിയ ബോർഡിലും നിലനിർത്തിയിട്ടുണ്ട്. 2023ൽ നിയമിക്കപ്പെട്ട നജ്മ ഹെപ്തുല്ലയുടെ കാലാവധി 2028 ഏപ്രിൽ വരെ തുടരും. ബോർഡ് പുനഃസംഘടനയിലൂടെ വഖഫ് സ്വത്തുക്കളുടെ മേൽ സർക്കാർ പിടിച്ചെടുക്കുന്ന നിയന്ത്രണം, രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള സൂചനയാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

