ഹിന്ദി അടിച്ചേൽപ്പിച്ചിട്ടില്ല -കസ്തൂരിരംഗൻ
text_fieldsന്യൂഡൽഹി: ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ഡോ. കസ്തൂരിരംഗൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കസ്തൂരിരംഗൻ ഇക്കാര്യം വ്യ ക്തമാക്കിയത്. ഒരു ഭാഷ നിർബന്ധമായി പഠിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ഹിന്ദി നിർബന്ധമാക്കുന്ന കാര്യമേ ഉദിക്കുന്നില്ല. ഏത് ഭാഷ വേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. പ്രാദേശിക ഭാഷക്കും ഇംഗ്ലീഷിനും ഒപ്പം ഏതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. കരടിൽ ഭാഷ സംബന്ധിച്ച് പറയുന്ന ഭാഗം മുഴുവൻ വായിക്കുകയാണെങ്കിൽ ഇക്കാര്യം വ്യക്തമാകുമെന്നും കസ്തൂരിരംഗൻ പറഞ്ഞു.
കമ്മിറ്റി ഒറ്റയ്ക്കാണ് തീരുമാനമെടുത്തതെന്നും കേന്ദ്ര സർക്കാറിന്‍റെ നിർദേശങ്ങളോ കൈകടത്തലോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നയ രൂപീകരണത്തിൽ കമ്മിറ്റിക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി സമർപ്പിച്ച കരടിലെ ത്രിഭാഷ പദ്ധതിക്കെതിരെ വ്യാപക വിമർശനമുണ്ടായി. തമിഴ്നാട്ടിലും കർണ്ണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ഹിന്ദി അടിച്ചേൽപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം എന്നാരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു.