ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണ നിയമം നിലവിൽ വരുന്നതുവരെ ഹിന്ദു ദമ്പതികൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ വിക്രം സൈനി. സംസ്ഥാന സർക്കാറിെൻറ ജനസംഖ്യാ നിയന്ത്രണ പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമർശമെന്നതാണ് വിചിത്രം.
ഹിന്ദുക്കൾ മാത്രം രണ്ടുകുട്ടി നയം സ്വീകരിക്കുന്നു, എന്നാൽ മറ്റു മതസ്ഥർ അത്തരത്തിലൊരു നിയമവും പാലിക്കുന്നില്ല. രാജ്യവും നിയമവും എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്നും സൈനി പറഞ്ഞു.
‘‘ഞങ്ങൾക്ക് രണ്ടുകുട്ടികളായപ്പോൾ ഭാര്യ പറഞ്ഞു മൂന്നാമതൊരാൾ കൂടി വേണ്ടെന്ന്. എന്നാൽ നമ്മുക്ക് നാലോ അഞ്ചോ കുഞ്ഞുങ്ങൾ വേണമെന്നാണ് മറുപടി നൽകിയത്. ഹിന്ദു സഹോദരൻമാരോട് പറയാനുള്ളത് ഇതാണ്, ജനസംഖ്യ നിയന്ത്രണ നിയമം നിലവിൽ വരുന്നതുവരെ നിങ്ങൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് അവസാനിപ്പിക്കരുത്.’’ ^വിക്രം സൈനി ഉദാഹരണ സഹിതം വിശദീകരിച്ചു.
മുസാഫർനഗർ ജില്ലയിലെ കട്ടൗലി മണ്ഡലത്തിലെ ജനപ്രതിനിധിയാണ് വിക്രം സൈനി. മുസാഫർനഗർ കലാപത്തിനിടെ ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണെന്നും അതുകൊണ്ടാണ് ഹിന്ദുസ്ഥാനെന്ന പേരുവന്നതെന്നുമുള്ള സൈനിയുടെ പരാമർശവും വിവാദമായിരുന്നു.