
ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് അതിവേഗം; ഉത്തരാഖണ്ഡ് ദുരന്തം ക്ഷണിച്ചുവരുത്തിയതോ?
text_fieldsഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുപാളി സ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തം പാരിസ്ഥിതിക മുന്നറിയിപ്പുകളെ അവഗണിച്ചതിന്‍റെ ഫലമെന്ന് വിദഗ്ധർ. സയൻസ് അഡ്വാൻസസ് ജേണലിൽ 2019ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കാലാവസ്ഥാ വ്യതിയാനം കാരണം ഈ നൂറ്റാണ്ടിന്‍റെ ആരംഭം മുതൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ ഇരട്ടി വേഗത്തിൽ ഉരുകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഉപഗ്രഹ നിരീക്ഷണങ്ങൾ വഴി നടത്തിയ പഠനം വിരൽചൂണ്ടുന്നത് കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകിത്തീരുന്നതായാണ്. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലായി 40 വർഷം കൊണ്ട് എടുത്ത ചിത്രങ്ങളും വിവരങ്ങളുമാണ് പഠനത്തിനായി ഉപയോഗിച്ചത്. 2000 മുതൽ ഓരോ വർഷവും മഞ്ഞുപാളികൾക്ക് നല്ലരീതിയിൽ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് പറയുന്നത്. 1975 മുതൽ 2000 വരെ നടന്ന ദ്രവണാങ്കത്തിന്‍റെ ഇരട്ടിയാണിത്.
'ഈ കലയളവിൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ എത്ര വേഗത്തിൽ ഉരുകുന്നു എന്നതിന്‍റെ വ്യക്തമായ ചിത്രമാണ് കഴിഞ്ഞദിവസം കണ്ടത്" -പഠനത്തിന് നേതൃത്വം നൽകിയ കൊളംബിയ സർവകലാശാലയിലെ ഗവേഷകൻ ജോഷ്വ മൗറർ പറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മഞ്ഞുപാളികളുടെ നാലിലൊന്നാണ് നഷ്ടപ്പെട്ടത്.
ഐസ് പാളികൾ ഉരുകുന്ന സമയത്തിലും സ്ഥലത്തിലും സ്ഥിരത പുലർത്തുകയാണെന്നാണ് ഉപഗ്രഹ നിരീക്ഷണങ്ങൾ വഴി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. വർധിച്ചുവരുന്ന താപനിലയാണ് ഇതിന് പിന്നിൽ. 2000 മുതൽ 2016 വരെ ശരാശരി ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് വർധിച്ചത്.
പടിഞ്ഞാറുനിന്ന് കിഴക്കോട്ട് 2,000 കിലോമീറ്റർ വരെയുള്ള 650 മഞ്ഞുപാളികളുടെ ആവർത്തിച്ചുള്ള ഉപഗ്രഹ ചിത്രങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ യു.എസ് ചാര ഉപഗ്രഹങ്ങൾ എടുത്ത ഡിക്ലാസിഫൈഡ് ഫോട്ടോഗ്രാഫിക് ചിത്രങ്ങളും പഠനത്തിന് ഉപയോഗിച്ചു.
1975 മുതൽ 2000 വരെ പ്രദേശത്തെ മഞ്ഞുപാളികളിൽ നേരിയ ചൂടിനെത്തുടർന്ന് ഓരോ വർഷവും ശരാശരി 0.25 മീറ്റർ ഐസ് നഷ്ടപ്പെടുന്നതായി അവർ കണ്ടെത്തി. 2000 മുതൽ ഈ നഷ്ടം പ്രതിവർഷം അര മീറ്ററായി വർധിച്ചു. 1990 മുതൽ ആരംഭിച്ച ആഗോള താപനമാണ് ഇതിന് ഇടവരുത്തിയത്. ഏഷ്യൻ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളും ജൈവവസ്തുക്കളും അമിതമായി കത്തിക്കുന്നത് ആഗോള താപനത്തിന്‍റെ തോത് കൂടാൻ കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
