ഹിമാചലിൽ മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെ രാജി സ്വീകരിച്ച് സ്പീക്കർ
text_fieldsഷിംല: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്ത മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെ രാജി ഹിമാചൽപ്രദേശ് നിയമസഭാ സ്പീക്കർ സ്വീകരിച്ചു. ഹോഷിയാർ സിങ് (ദേഹ്റ), ആശിഷ് ശർമ (ഹാമിർപൂർ), കെ.എൽ താക്കൂർ (നലാഗഡ്) എന്നിവരാണ് രാജിവെച്ചത്. ആറ് കോൺഗ്രസ് വിമതർക്കൊപ്പമാണ് മൂന്ന്പേരും രാജ്യസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജന് അനുകൂലമായി വോട്ട് ചെയ്തത്.
മാർച്ച് 22ന് മൂന്ന് എം.എൽ.എമാർ നിയമസഭയിൽ നിന്ന് രാജിവച്ചെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. എം.എൽ.എമാർ സ്വമേധയാ തീരുമാനമെടുത്തതല്ലെന്നും സമ്മർദ്ദമാണ് കാരണമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയതിനെത്തുടർന്നാണ് സ്പീക്കർ തീരുമാനം നീട്ടിയത്.
മൂന്ന് എം.എൽ.എമാരും മാർച്ച് 23ന് ബി.ജെ.പിയിൽ ചേരുകയും രാജി സ്വീകരിക്കാൻ സ്പീക്കറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ സ്പീക്കർക്ക് നിർദേശം നൽകാൻ കോടതിക്ക് കഴിയുമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം ഉയർന്നതിനാൽ വിഷയം മൂന്നാമത്തെ ജഡ്ജിക്ക് വിട്ടിരിക്കുകയാണ്.
രാജിക്കത്ത് സ്വീകരിക്കുന്നതിന് മുമ്പ് ബി.ജെ.പിയിൽ ചേർന്നതിനാൽ മൂന്ന് എം.എൽ.എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജഗത് സിങ് നേഗി മറ്റൊരു പരാതിയും സമർപ്പിച്ചിരുന്നു. എന്നാൽ, രാജി സ്വീകരിച്ചതിനാൽ, മറ്റ് പരാതികൾ നിലനിൽക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

