പീർ നിഗ ദർഗ സർക്കാർ ഏറ്റെടുത്തു; പഞ്ചായത്തിന്റെ കൈയിൽ നിന്ന് വഴുതിമാറുന്നത് കോടികളുടെ വരുമാനം
text_fieldsഹിമാചൽ പ്രദേശിലെ പീര് നിഗ ദര്ഗ
ഷിംല: ഹിമാചൽ പ്രദേശിലെ ഉനയിൽ, പര്വതമുകളിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ പീര് നിഗ ദര്ഗ സംസ്ഥാന സര്ക്കാര് ഏറ്റെടുത്തു. 1984-ലെ ഹിമാചൽ പ്രദേശ് ഹിന്ദു പബ്ലിക് റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ആക്ടിലെ വ്യവസ്ഥകൾ ഉപയോഗിച്ചാണ് ഏറ്റെടുക്കൽ.
ആരാധനാലയത്തിന്റെ മെച്ചപ്പെട്ട ഭരണം, സുരക്ഷ, സ്വത്തുക്കളുടെ സംരക്ഷണം എന്നിവ പൊതുതാൽപര്യാർഥം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംസ്ഥാന ഭാഷാ കലാ സാംസ്കാരിക വകുപ്പാണ് ഗവര്ണറുടെ അംഗീകാര പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഉന പട്ടണത്തിൽ നിന്ന് എട്ട് കിലോ മീറ്റർ അകലെ അംബ് തെഹ്സിലിലെ ബസോളി ഗ്രാമത്തിലാണ് പ്രശസ്തമായ ഈ സൂഫി തീർഥാടന കേന്ദ്രം. ലഖ്ദാതാ പീർ ജി എന്ന സൂഫിയുടെ പേരിലാണ് ദര്ഗ അറിയപ്പെടുന്നത്. ജാതിമത ഭേദമന്യേ നിരവധി ആളുകളാണ് ദർഗ സന്ദർശനത്തിന് എത്തുന്നത്. പാറകൾ കൊത്തിയെടുത്ത് നിർമിച്ച അപൂര്വമായ ഗുഹാ നിർമിതിയാണ് പീർ നിഗ ദർഗ.
1965 മുതൽ ബസോളി പഞ്ചായത്താണ് പീർ നിഗയുടെ ഭരണം നടത്തിയിരുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള വരുമാനവും വഴിപാടുകളും പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിച്ചിരുന്നത്.
അടുത്തിടെ നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകൾ പിരിച്ചുവിട്ടതോടെ ഉന ജില്ല ഭരണകൂടം ക്ഷേത്രത്തിന്റെ ചുമതലയും ഫണ്ടുകളും ഏറ്റെടുക്കുകയും ഉന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറെ (ബി.ഡി.ഒ) അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു.
ജൂണിൽ പുതിയ പഞ്ചായത്ത് നിലവിൽ വന്നിട്ടും സർക്കാർ നിയന്ത്രണം തുടർന്നു. ഭരണച്ചുമതല ഗ്രാമപഞ്ചായത്തിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്ത് വിജ്ഞാപനം പുറപ്പെടുവിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

