വാക്കുപാലിച്ച് കോൺഗ്രസ്; ഹിമാചൽപ്രദേശിൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു
text_fieldsഷിംല: തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയതിന് പിന്നാലെ ഹിമാചൽപ്രദേശിൽ വാക്ക് പാലിച്ച് കോൺഗ്രസ്. 1.4 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഗുണകരമാവുന്ന പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു. പാർട്ടിയുടെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നത്. ഛത്തീസ്ഗഢ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചിരുന്നു.
ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം കോൺഗ്രസ് നടപ്പാക്കുകയായിരുന്നു. പഴയ പെൻഷൻ പദ്ധതിയും എൻ.പി.എസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടായിരിക്കും. 20 വർഷത്തിന് ശേഷമാണ് ഹിമാചൽപ്രദേശ് പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകുന്നത്.
വോട്ടിനു വേണ്ടിയല്ല ഞങ്ങൾ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചത്. ഹിമാചലിന്റെ വികസന ചരിത്രം രചിച്ച ജീവനക്കാരുടെ അഭിമാനവും സാമൂഹിക സുരക്ഷയും സംരക്ഷിക്കുന്നതിനാണിതെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു പറഞ്ഞു. പെൻഷൻ തുകയുടെ മുഴുവൻ പങ്കും സർക്കാർ വഹിക്കുന്ന പഴയ പെൻഷൻ പദ്ധതി 2004 ഏപ്രിൽ ഒന്നിനാണ് നിർത്തലാക്കിയത്. പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ജീവനക്കാരും 14 ശതമാനം സര്‍ക്കാരും പങ്കിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

