കനത്ത മഴ: ഹിമാചൽ പ്രദേശിൽ മരണസംഖ്യ 22 ആയി, കാണാതായത് ആറു പേർ
text_fieldsഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 22 ആയി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ പ്രദേശത്തുനിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 22 ആയി ഉയർന്നത്. ആറു പേരെ കാണാതായതായി ദുരന്തനിവാരണ സേന അറിയിച്ചു.
മാണ്ഡി, ചമ്പ, കാൻഗ്ര, കുളു, ഹമീർപൂർ, ഷിംല ജില്ലകളിലാണ് കനത്തമഴയിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് ദുരന്തനിവാരണ സേനയുടെ റിപ്പോർട്ടിൽ പറയുന്നു. റോഡുകൾ തകർന്നതിനാൽ സംസ്ഥാനത്തെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പഠാൻഘോട്ടിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ചാക്കി റെയിൽവേ പാലം ശക്തമായ മഴിയിൽ തകർന്നു.
പ്രദേശത്ത് കനത്തമഴ തുടരുകയാണ്. ശനിയാഴ്ച സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം വിഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്ത മുഖ്യമന്ത്രി ജയ് റാം താക്കൂർ, പ്രശ്നബാധിത പ്രദേശങ്ങളിൽ ആവശ്യത്തിന് രക്ഷാപ്രവർത്തകരും യന്ത്രസാമഗ്രികളും വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി സൈന്യത്തിന്‍റെ ഒരു സംഘത്തെ കൂടി അയക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. പ്രദേശത്ത് ആഗസ്റ്റ് 25 വരെ മണ്ണിടിച്ചിൽ മുന്നറിയിപ്പ് ദുരന്തനിവാരണ വകുപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

