മദ്യത്തിന് പശു സെസ് അവതരിപ്പിച്ച് ഹിമാചലിലെ കോൺഗ്രസ് സർക്കാർ
text_fieldsഷിംല: സംസ്ഥാന ബജറ്റിൽ പശു സെസ് അവതരിപ്പിച്ച് ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാർ. മദ്യവിൽപ്പനക്കാണ് പശു സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി മദ്യത്തിന് അധിക സെസ് ചുമത്തുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. മദ്യത്തിന്റെ ഓരോ ബോട്ടിലിനും 10 രൂപയാണ് സെസായി ഏർപ്പെടുത്തുക. നേരത്തെ ക്ഷേമപെൻഷൻ നൽകാനായി കേരളവും മദ്യത്തിന് സെസ് ഏർപ്പെടുത്തിയിരുന്നു.
സെസായി ലഭിക്കുന്ന തുക പശുക്കൾക്ക് ഗുണകരമാവുന്ന രീതിയിൽ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദർ സി സുഖു പറഞ്ഞു. നേരത്തെ ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാറുകളും പശുസെസ് ഏർപ്പെടുത്തിയിരുന്നു. 2019 മുതൽ 2022 വരെ രാജസ്ഥാൻ 2176 കോടിയാണ് പശു സെസായി പിരിച്ചെടുത്തത്.
ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്നതിന് 25,000 രൂപയുടെ സബ്സിഡി. ഡീസൽ ബസുകൾ മാറ്റി ഇലക്ട്രിക് ബസുകൾ വാങ്ങാൻ 1,000 കോടി തുടങ്ങി ഹിമാചൽപ്രദേശിനെ പ്രകൃതി സൗഹൃദമാക്കി മാറ്റാനുള്ള ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്.