ഹിമാചൽ പ്രദേശിൽ നാലു നില കെട്ടിടം തകർന്നു വീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
text_fieldsഷിംല: കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിൽ നാലു നില കെട്ടിടം തകർന്നു വീണു. ഷിംല ജില്ലയിലെ ചോപ്പാൽ നഗരത്തിലെ മാർക്കറ്റിലെ കെട്ടിടമാണ് ശനിയാഴ്ച പകൽ 12.30 ഓടെ തകർന്നത്. ബഹുനില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അതേസമയം, കെട്ടിടം തകരുന്നതിന് മുമ്പ് പ്രാദേശിക ഭരണകൂടം കെട്ടിടത്തിന് ഉള്ളിലുള്ളവരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യു.സി.ഒ ബാങ്ക് ശാഖ, ഹോട്ടൽ, ബാർ ഉൾപ്പെടെ മറ്റ് ചില വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ബാങ്ക് സ്ഥിതി ചെയ്യുന്നതെന്നും രണ്ടാം ശനിയാഴ്ച അവധിയായതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും യുകോ ബാങ്ക് സോണൽ ബ്രാഞ്ച് ചീഫ് മാനേജർ രമേഷ് ദധ്വാൾ പറഞ്ഞു.
താഴത്തെ നിലയിലെ ബാറിൽ ഇരിക്കുന്നവരാണ് ജനൽ ചില്ലുകൾ പൊടുന്നനെ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കി ഇവർ ഉടൻ പുറത്തേക്ക് ഓടുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു.
അതേസമയം, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം ഹിമാചൽ പ്രദേശിൽ ജൂലൈ 13 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നേരത്തെ, ജൂലൈ ആറിന് കുളുവിലെ മണികരനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാൾ മരിക്കുകയും മറ്റ് നാല് പേരെ കാണാതാവുകയും ചെയ്തിരുന്നു. കുളുവിലെ ബാബേലിയിൽ കാർ ബിയാസ് നദിയിലേക്ക് മറിഞ്ഞ് രണ്ട് പേരെ കാണാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

