ബി.ജെ.പിയിൽ ചേക്കേറിയ കോൺഗ്രസ് എം.എൽ.എമാർ തോറ്റ് തുന്നംപാടി
text_fieldsഷിംല: ഹിമാചൽ പ്രദേശിൽ കൂറുമാറിയതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട നാല് മുൻ കോൺഗ്രസ് എം.എൽ.എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ ദനയീയ പരാജയം. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ആറു പേരിൽ നാലു പേരാണ് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ വോട്ട് ചെയ്തതിന് കോൺഗ്രസ് പുറത്താക്കിയ ആറു എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രജീന്ദർ റാണ, സുധീർ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ, ചൈതന്യ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, രവി താക്കൂർ എന്നിവരാണ് ബി.ജെ.പി ടിക്കറ്റിൽ ജനവിധി തേടിയത്. ഇതിൽ ഇന്ദർദത്ത് ലഖൻപാൽ -ബർസാർ, സുധീർ ശർമ -ധരംശാല എന്നീ രണ്ടു പേർ മാത്രമാണ് വിജയിച്ചത്.
വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ സുജൻപൂർ, ലഹൗൽ സ്പിറ്റി, ഗാഗ്രെത്, കട് ലെഹാർ മണ്ഡലങ്ങൾ കോൺഗ്രസ് പിടിച്ചപ്പോൾ ബർസാർ, ധരംശാല എന്നിവിടങ്ങളിൽ ബി.ജെ.പി ആശ്വാസ വിജയം നേടി. കാപ്റ്റ്യൻ രഞ്ജിത് സിങ്-സുജൻപൂർ, അനുരാധ റാണ - ലഹൗൽ സ്പിറ്റി, രാകേഷ് കാലിയ- ഗാഗ്രെത്, വിവേക് ശർമ (വിക്കു)- കട് ലെഹാർ എന്നിവരാണ് ജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ.
ഹിമാചൽ പ്രദേശിലെ ആറു മണ്ഡലങ്ങളിൽ നാലിടത്ത് ജയിച്ച് കോൺഗ്രസ് സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കി. 68 അംഗ സഭയിൽ 34 ആയിരുന്ന പ്രാതിനിധ്യം 38 ആക്കി ഉയർത്തിയപ്പോൾ രണ്ടിടത്ത് ജയിച്ച ബി.ജെ.പിക്ക് 27 എം.എൽ.എമാരായി. ആറിടത്തും ജയിച്ച് ഹിമാചലിൽ ഭരണം പിടിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കാണ് ഇതോടെ തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

