ഹിജാബ് വിവാദം: എല്ലാവരും സംയമനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടക ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കാനിരിക്കെ െല്ലാവരും സംയമനം പാലിക്കണമെന്ന് അഭ്യർഥിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രാഷ്ട്രീയക്കാരുൾപ്പടെയുള്ളവർ ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തരുതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗഹാർദ്ദപരവും സമാധാനപരവുമായ അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിതിനുള്ള നടപടികളാണ് ഉദ്ദേശിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം സംബന്ധിച്ച പ്രശ്നം ഹൈകോടതിയുടെ മൂന്നംഗ ബെഞ്ചിൽ ഇന്ന് ഉച്ചയ്ക്ക് 2:30 മുതൽ വാദം കേൾക്കൽ ആരംഭിക്കും. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കലഹത്തിന് പുറത്തുള്ളവരുടെ പ്രേരണയുണ്ടാകാതെ സമാധാനം നില നിർത്തേണ്ടത് എല്ലാവരുടെയും കടമയാണെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ മകൻ വിദ്യാർത്ഥികൾക്ക് കാവി ഷാൾ വിതരണം ചെയ്തുവെന്ന കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇരുപക്ഷത്തുനിന്നും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതിൽ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
കോടതി വിധി എല്ലാവരും അനുസരിക്കണം. സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രസ്താവനകൾ നടത്താതെ എല്ലാവരും സ്വയം സംയമനം പാലിക്കുണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.