നാഷനൽ ഹൈവേയിൽ ഗതാഗത തടസമുണ്ടാക്കി ഫോട്ടോഷൂട്ടും റീൽസ് ചിത്രീകരണവും; രൂക്ഷ വിമർശനവുമായി ഛത്തീസ്ഗഢ് ഹൈകോടതി
text_fieldsബിലാസ്പൂര്‍: നാഷനൽ ഹൈവേയിൽ ഗതാഗത തടസമുണ്ടാക്കി ഫോട്ടോഷൂട്ടും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാത്ത ബിലാസ്പൂർ പൊലീസിനെതിരെ ഛത്തീസ്ഗഢ് ഹൈകോടതി രൂക്ഷ വിമർശനം. നാഷനൽ ഹൈവേ-130ലാണ് സംഭവം. റോഡിന് കുറുകെ കാറുകൾ നിരത്തിയിട്ട് ഒരു സംഘം യുവാക്കളാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഗതാഗതം തടസപ്പെടുത്തിയുള്ള റീൽസ് ചിത്രീകരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നു.
വേദാൻഷ് ശർമ്മ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. കറുത്ത എസ്.യു.വി കാറുകൾ റോഡിന് കുറുകെ നിർത്തി പ്രഫഷനൽ കാമറാമാൻമാരും ഡ്രോണുകളുമടക്കം വൻ സജ്ജീകരണങ്ങളോടെയായിരുന്നു ഷൂട്ടിങ്.
ഇരുവശത്തും വാഹനങ്ങൾ ക്യൂവിലായിരുന്നു. മറ്റ് യാത്രക്കാരെ ഇത് വലച്ചെങ്കിലും യുവാക്കളെ പേടിച്ച് ആരും പ്രതികരിച്ചില്ല. വേദാൻഷ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വിഡിയോ വിവാദമായതിനെ തുടർന്ന് ഉടൻ അക്കൗണ്ട് ഇല്ലാതാക്കി.
സംഭവത്തിൽ പൊലീസ് കേസെടുത്തു. പിന്നാലെ കോടതിക്ക് മുന്നിൽ പൊതുതാൽപ്പര്യ ഹർജി എത്തിയതോടെ ഹൈകോടതി സ്വമേധയാ കേസെടുത്ത് പൊലീസിനോട് വിശദീകരണം ചോദിച്ചു. വാഹനങ്ങൾക്ക് ട്രാഫിക് നിയമ ലംഘനത്തിന് ഫൈൻ നൽകിയത് അല്ലാതെ മറ്റ് നിയമ നടപടികൾ എടുത്തിട്ടില്ലെന്നും ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർ.ടി.ഒക്ക് കത്തെഴുതിയതായും പൊലീസ് കോടതിയെ അറിയിച്ചു.
വാഹനം കണ്ടുകെട്ടുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും, സ്വാധീനമുള്ള വ്യക്തികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് മടി കാണിക്കുകയാണെന്നും കോടതി വിർശിച്ചു. സംഭവത്തിൽ ഹൈകോടതി സർക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

