തമിഴ്നാട്ടിലെ ഉയർന്ന പോളിങ് ശതമാനം: കണക്ക് കൂട്ടലുകളിൽ മുന്നണികൾ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനത്തിൽ സാധ്യതകളുടെ നൂലിഴ കീറിയുള്ള കണക്കുകൂട്ടലുകളിൽ മുന്നണികളും രാഷ്ട്രീയകക്ഷികളും. കൂടിയ വോട്ടുകൾ സ്റ്റാലിൻ സർക്കാറിന്റെ തുടർച്ചക്കാണോ ഭരണ മാറ്റത്തിനാണോ തുണയാവുകയെന്ന ചോദ്യമാണ് ഉയരുന്നത്. ഒമ്പത് ദിവസം അകലെയുള്ള വോട്ടെണ്ണൽ ദിനത്തിലേക്കുള്ള കാത്തിരിപ്പിനൊപ്പം അതത് നിയമസഭ മണ്ഡലങ്ങളിൽനിന്നും ജില്ലകളിൽനിന്നുമുള്ള റിപ്പോർട്ടുകളും കണക്കുകളും രാഷ്ട്രീയ കക്ഷികൾ പരിശോധിച്ചുവരുകയാണ്. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിവിധ നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമായും പാർട്ടി ഭാരവാഹികളുമായും വിഡിയോ കോൺഫറൻസിങ് മുഖേന ആശയവിനിമയം നടത്തുന്നു. അതേപോലെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷൻ വിജയ് യും മുഖ്യ ഭാരവാഹികളുമായി ചർച്ച നടത്തി.
സംസ്ഥാനത്ത് 85.15 ശതമാനം പോളിങ്ങാണ് ഉണ്ടായത്. 2021ൽ 4.63 ലക്ഷം പേർ വോട്ട് ചെയ്തപ്പോൾ 2026ൽ ഇത് 4.89 ലക്ഷമായി ഉയർന്നു. കരൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ- 92.63 ശതമാനം. ഏറ്റവും കുറവ് കന്യാകുമാരിയിൽ. 75.61 ശതമാനം.
തമിഴ്നാട്ടിലെ കൊങ്കു മണ്ഡലമെന്നറിയപ്പെടുന്ന പടിഞ്ഞാറൻ ജില്ലകളിൽ ഇത്തവണ 90 ശതമാനത്തിലധികം വോട്ടിങ് നടന്നു. കരൂരിന് പുറമെ സേലം-90.76, നാമക്കൽ-90.21, ഈറോഡ്-90.10 എന്നിങ്ങനെയാണ് പോളിങ് ശതമാനം. സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിൽ താരതമ്യേന കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. കന്യാകുമാരിക്ക് പുറമെ രാമനാഥപുരം- 77.01, തിരുനെൽവേലി-77.94, തൂത്തുക്കുടി-80.53, തെങ്കാശി-82.41, ശിവഗംഗ-76.66, തേനി-81.55, മധുര-80.52 എന്നിങ്ങനെയാണിത്.
ചെന്നൈയിൽ വോട്ടിങ് ശതമാനം ഉയർന്നുവെങ്കിലും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. 2021ൽ ചെന്നൈയിൽ മൊത്തമുള്ള 40.04 വോട്ടർമാരിൽ 24.16 ലക്ഷം വോട്ടുകളാണ് പോൾ ചെയ്തത്. പോളിങ് 60 ശതമാനം. അതേസമയം 2026ൽ എസ്.ഐ.ആറിനുശേഷം 28.30 ലക്ഷം വോട്ടുകളിൽ 23.69 ലക്ഷം പേർ വോട്ട് ചെയ്തു. 83.7 ശതമാനം പോളിങ്.
തമിഴകത്ത് ചതുഷ്കോണ മത്സരമാണ് നടന്നതെങ്കിലും പല മേഖലകളിലും ഇത് ശക്തമായ ത്രികോണ മത്സരങ്ങൾക്കാണ് വേദിയായത്. സീമാന്റെ നാം തമിഴർ കക്ഷിയുടെ സാന്നിധ്യം ആരും ഗൗരവത്തിലെടുത്തില്ലെന്നതാണ് യാഥാർഥ്യം. ഡി.എം.കെ സഖ്യവും ബി.ജെ.പി- അണ്ണാ ഡി.എം.കെ മുന്നണിയും ടി.വി.കെയുമാണ് കളത്തിൽ നിറഞ്ഞുനിന്നത്.
കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേറാനാവുമെന്നാണ് ഡി.എം.കെ നേതൃത്വം വിലയിരുത്തുന്നത്. ഡി.എം.കെ-ഭരണ വിരുദ്ധ വോട്ടുകൾ ചിതറുമെന്നാണ് കണക്കുകൂട്ടൽ. മുന്നണി ബലവും ന്യൂനപക്ഷങ്ങളുടെ പിന്തുണയും മറ്റൊരു മുഖ്യ കാരണമാണ്. ഇത്തവണ സ്റ്റാലിൻ സർക്കാറിനെതിരായ ഭരണ വിരുദ്ധ തരംഗമുണ്ടായിരുന്നില്ല. കൂടുതലായി പോൾ ചെയ്യപ്പെട്ട സ്ത്രീ വോട്ടുകൾ അനുകൂലമാവുമെന്നും ഇവർ കരുതുന്നു. പോളിങ് ശതമാനം കൂടിയെങ്കിലും വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധന കാണപ്പെടാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ഡി.എം.കെയുടെ വിലയിരുത്തൽ. എൻ.ഡി.എ സഖ്യത്തിലെ മുഖ്യ ഘടകകക്ഷിയായ പാട്ടാളി മക്കൾ കക്ഷിയിലെ പിളർപ്പും അണ്ണാ ഡി.എം.കെയിൽനിന്ന് ഒ.പന്നീർശെൽവം ഉൾപ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും തെക്കൻ ജില്ലകളിൽ വി.കെ. ശശികല പ്രചാരണരംഗത്തിറങ്ങിയതും എൻ.ഡി.എയെ ദോഷകരമായി ബാധിക്കുമെന്നും ഡി.എം.കെ കണക്കുകൂട്ടുന്നു.
എന്നാൽ, കൂടിയ പോളിങ് ശതമാനം ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് എൻ.ഡി.എ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇത്തവണ പാർട്ടിയുടെ മുതിർന്ന പ്രമുഖ നേതാക്കളെ തന്നെയാണ് അണ്ണാ ഡി.എം.കെ കളത്തിലിറക്കിയത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, നാമക്കൽ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന പശ്ചിമ മേഖലയിലും വണ്ണിയർ സമുദായത്തിന്റെ അടിത്തറയോടെ പ്രവർത്തിക്കുന്ന പാട്ടാളി മക്കൾ കക്ഷിയുടെ സ്വാധീന മേഖലയായ വടക്കൻ തമിഴകത്തിലും കാര്യമായ നേട്ടമുണ്ടാക്കി ഭരണം തിരിച്ചുപിടിക്കാനാവുമെന്നാണ് അണ്ണാ ഡി.എം.കെ പ്രതീക്ഷിക്കുന്നത്.
അതിനിടെ വിജയം സുനിശ്ചിതമാണെന്ന് വിജയ് പ്രസ്താവനയിൽ അറിയിച്ചു. 85 ശതമാനം പോളിങ് തമിഴക തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമാണ്. വിദേശരാജ്യങ്ങളിൽനിന്നുപോലും വോട്ടർമാർ ഒഴുകിയെത്തി. കുടുംബം കുടുംബമായി ബൂത്തുകളിലേക്ക് പ്രവഹിച്ചതും ശ്രദ്ധേയമാണെന്നും നല്ലത് നടക്കുമെന്നും വിജയ് പറഞ്ഞു. വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സംസ്ഥാനത്തെ 62 വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകൾക്ക് മൂന്നുവലയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സി.സി.ടി.വി കാമറ നിരീക്ഷണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

