മഹാകുംഭമേള: ജലത്തിന് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്; ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ
text_fieldsപ്രയാഗ്‌രാജ്: മഹാകുംഭമേള നടക്കുന്ന ഉത്തർ പ്രദേശിലെ വിവിധ നദീജലത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ ഉള്ളതായി റിപ്പോർട്ട്. വെള്ളത്തിൽ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻ.ജി.ടി) അറിയിച്ചു.
ഈ വർഷം ജനുവരി 13 മുതൽ മഹാ കുംഭമേളയിൽ കുളിച്ചവരുടെ എണ്ണം 54.31 കോടി കവിഞ്ഞതായാണ് സംഘാടകരുടെ അവകാശവാദം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാത്രം 1.35 കോടിയിലധികം ഭക്തരാണ് ഇവിടെ കുളിച്ചത്.
സി.പി.സി.ബിയുടെ കണക്കനുസരിച്ച്, ഫീക്കൽ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി വെള്ളത്തിന് 2,500 യൂനിറ്റാണ്.
പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അധ്യക്ഷൻ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ദ്ധ അംഗം എ സെന്തിൽ വേൽ എന്നിവരടങ്ങിയ എൻ.ജി.ടി ബെഞ്ച് വാദം പരിഗണിക്കുകയാണ്.
സമഗ്രമായ നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന ട്രൈബ്യൂണലിന്റെ മുൻ നിർദേശം ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് (യു.പി.പി.സി.ബി) പാലിച്ചില്ലെന്നും ബെഞ്ച് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

