ഭർത്താവിന്റെ വരുമാനം വിവരാവകാശ പരിധിയിൽ പെടില്ലെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: ജീവിതപങ്കാളിയുടെ വരുമാന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്ന് ഡൽഹി ഹൈകോടതിയുടെ ഉത്തരവ്. ഭർത്താവിന്റെ വരുമാനം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അകന്നുകഴിയുന്ന ഭാര്യ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയെ ചോദ്യംചെയ്ത് ഭർത്താവ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല ഉത്തരവുണ്ടായത്. തന്റെ ഭർത്താവിന്റെ 2007-08 മുതലുള്ള വരുമാനവും ആദായ നികുതിയും വെളിപ്പെടുത്തണമെന്ന ആവശ്യവുമായാണ് ഭാര്യ വിവരാവകാശ കമീഷനെ സമീപിച്ചത്.
അപേക്ഷയിൻമേൽ, 2021 ജൂലൈയിൽ കേന്ദ്ര വിവരാവകാശ കമീഷൻ ഇവർക്കനുകൂലമായ നിർദേശവും നൽകി. ഇത് ചോദ്യംചെയ്ത ഭർത്താവ്, തന്റെ വരുമാന വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചു. അകന്നുകഴിയുന്ന ഭർത്താവിൽനിന്ന് അർഹമായ ജീവനാംശം ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച കണക്കുകൾ അറിയണമെന്നായിരുന്നു ഭാര്യയുടെ വാദം. എന്നാൽ, പൊതുതാൽപര്യമില്ലാത്ത വിഷയം എന്ന നിലയിൽ വ്യക്തിവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പങ്കുവെക്കൽ ബാധ്യതയല്ലെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിയുടെ ആദായ നികുതി വിവരങ്ങൾ ആർ.ടി.ഐ ചട്ടങ്ങളിൽ ഉൾപ്പെടില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

