അഭിഷേക് ബാനർജിക്ക് താൽകാലിക ആശ്വാസം; ബുൾഡോസർ നടപടി ഹൈകോടതി തടഞ്ഞു
text_fieldsഅഭിഷേക് ബാനർജി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിക്കാനുള്ള നീക്കം കൽക്കട്ട ഹൈകോടതി തടഞ്ഞു. കൊൽക്കത്ത മുനിസിപൽ കോർപറേഷന്റെ നടപടിയാണ് അടിയന്തരമായി നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവിട്ടത്.
സൗത്ത് 24 പർഗാനാസിലെ അംതലയിലുള്ള ഓഫിസ് കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ നടപടി ആരംഭിച്ചത്. ബുൾഡോസർ നടപടിക്കെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഭിഷേക് ബാനർജിയുടെ ലീപ്‌സ് ആൻഡ് ബൗണ്ട്‌സ് കമ്പനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇടക്കാല ഉത്തരവ് വന്നത്.
ഹരജി പരിഗണിച്ച കോടതി പൊളിക്കൽ നടപടി തൽക്കാലം നിർത്തിവെക്കാൻ നിർദേശിച്ചു. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കാവൂവെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ കക്ഷികളിൽ നിന്ന് വിശദീകരണം തേടിയ കോടതി കേസ് പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ചു.
മുനിസിപ്പൽ കോർപറേഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് പൊളിക്കൽ നടപടി സ്വീകരിച്ചതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോയെന്നും അവർ ആരോപിച്ചു. ലാപ്‌ടോപ്പുകൾ, പ്രിന്ററുകൾ, രേഖകൾ, ഫർണിച്ചറുകൾ, മറ്റ് ഓഫീസ് ഉപകരണങ്ങൾ എന്നിവ പൊലീസ് ബി.ജെ.പി ഗുണ്ടകൾക്കൊപ്പം കൊണ്ടുപോകുന്നത് വീഡിയോകളിൽ കാണാമെന്നും ഇതിനെ പൊളിക്കൽ ഓപറേഷനെന്നല്ല, മറിച്ച് ‘യൂണിഫോമിലുള്ള മോഷണം’ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും അഭിഷേക് ബാനർജി പറഞ്ഞു. കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ പൊലീസ് നിയമവാഴ്ചയെ അവഹേളിച്ചതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, നിയമലംഘനങ്ങൾക്കെതിരായ പതിവ് നടപടിയുടെ ഭാഗമായാണ് നോട്ടീസ് നൽകിയതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും കോർപറേഷൻ അധികൃതർ വിശദീകരിച്ചു. അംതലയിലുള്ള അഞ്ചുനില കെട്ടിടമാണ് നിർമാണ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കാൻ തുടങ്ങിയത്. അംഗീകൃത പ്ലാൻ ഇല്ലാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് കെട്ടിടം നിർമിച്ചതെന്നും അനധികൃത നിർമാണത്തിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് ജില്ല ഭരണകൂടത്തിന്റെ വാദം.
ലീപ്സ് ആൻഡ് ബൗണ്ട്സ് കമ്പനിയുടെ പേരിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും നിർമാണവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ഭരണകൂടം രണ്ട് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടിയില്ലാത്തതിനാലാണ് പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

