സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായവരുടെ ഹരജിയിൽ കേന്ദ്ര, യു.പി സർക്കാറുകൾക്ക് ഹൈകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഹാഥറസിലേക്കുള്ള യാത്രക്കിടെ പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കൾക്കും ഡ്രൈവർക്കും വേണ്ടി സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ അലഹബാദ് ഹൈകോടതി കേന്ദ്ര സർക്കാറിനും ഉത്തർപ്രദേശ് സർക്കാറിനും നോട്ടീസ് അയച്ചു. ഹരജി ഡിസംബർ 14ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷ മഥുര അഡീഷനൽ സെഷൻസ് കോടതി തള്ളിയ ശേഷമാണ് അലഹബാദ് ഹൈകോടതി ഹേബിയസ് കോർപസ് ഹരജി പരിഗണിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് പുറമെ മഥുര ജില്ല ജയിൽ സൂപ്രണ്ട്, നാലു പേരെയും അറസ്റ്റ് ചെയ്ത മാണ്ട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രബൽ പ്രതാപ് സിങ് എന്നിവർക്കും നോട്ടീസ് അയച്ചു.
കാമ്പസ് ഫ്രണ്ട് നേതാക്കളായ അതീഖുർറഹ്മാൻ, മസ്ഊദ് അഹ്മദ്, ൈഡ്രവർ മുഹമ്മദ് ആലം എന്നിവർക്കായി അതീഖുർറഹ്മാെൻറ അമ്മാവൻ ശെഖാവത്ത് ഖാൻ ആണ് അലഹബാദ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയത്.
ചൊവ്വാഴ്ച ആദ്യം കേട്ട ശേഷം ഹരജിയിൽ ഭേദഗതി വരുത്താനായി ഒരു ദിവസം ഹൈകോടതി പി.എഫ്.ഐക്ക് അനുവദിച്ചു. യു.എ.പി.എ ചുമത്തിയ ഏതൊരു കുറ്റകൃത്യവും പ്രത്യേക കോടതിയിലാണ് വിചാരണ നടത്തേണ്ടതെന്നും എന്നും എന്നാൽ മഥുര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇപ്പോഴും ഇവരുടെ കേസ് കേൾക്കുന്നതെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. എസ്.എഫ്.എ നഖ്വി ബോധിപ്പിച്ചു.
മഥുര മജിസ്ട്രേറ്റിന് ഇവരെ റിമാൻഡ് ചെയ്യാനോ പൊലീസ് കസ്റ്റഡിയിൽ വിടാനോ അധികാരമില്ല. തുടർന്ന് എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹരജി അടുത്ത വാദം കേൾക്കലിനായി നാലാഴ്ച കഴിഞ്ഞ് ഡിസംബർ 14ലേക്ക് മാറ്റി. മഥുര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂവരുടെയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മഥുര ജില്ലാ അഡീഷനൽ സെഷൻസ് കോടതി മുമ്പാകെ മൂവരുമെത്തിയിരുന്നു. എന്നാൽ, ജില്ലാ സെഷൻസ് ജഡ്ജി മയൂർ ജെയിൻ യു.എ.പി.എ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റാരോപണങ്ങൾ ഗൗരവസ്വഭാവത്തിലുള്ളതാണെന്ന് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി. സിദ്ദീഖ് കാപ്പനായി കെ.യു.ഡബ്ല്യൂ.ജെ സമർപ്പിച്ച ഹരജി ഹേബിയസ് കോർപസ് ഹരജി ഈ വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

