ജയിലിൽ 48 ദിവസത്തിനിടെ കുറഞ്ഞത് 21 കിലോ ഭാരം; പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി
text_fieldsമുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 59കാരനായ രാധാമോഹൻ മിശ്രക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിലായതിന് ശേഷം രാധാമോഹൻ മിശ്രയുടെ ശരീരഭാരം 21 കിലോഗ്രാം കുറഞ്ഞുവെന്നും ഇത് ആശങ്കാജനകമാണെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ജൂണിലാണ് രാധാമോഹൻ മിശ്ര അറസ്റ്റിലാകുന്നത്. അയൽക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. തുടർന്ന് ഇയാളെ വിചാരണ തടവുകാരനായി ജയിലിലേക്ക് മാറ്റി. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യത്തിനായി രാധാമോഹൻ മിശ്ര കോടതിയെ സമീപിക്കുകയായിരുന്നു. തടവിൽ കഴിയുന്നതിനിടെ ഇയാൾക്ക് ഛർദ്ദി, തലകറക്കം, ബോധക്ഷയം, നിർജ്ജലീകരണം, കടുത്ത തളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. 48 ദിവസത്തെ ജയിൽവാസത്തിനിടെ 21 കിലോഗ്രാം തൂക്കം കുറഞ്ഞത് ആരോഗ്യത്തിന് ഏറെ അപകടകരമാണെന്നും പ്രതിയുടെ നിലവിലെ ഗുരുതര സാഹചര്യത്തിൽ ഇത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രതി തുടർന്നും കസ്റ്റഡിയിലോ ജയിൽ ആശുപത്രിയിലോ തുടരുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരാൻ ഇടയാക്കുമെന്നും ജസ്റ്റിസ് മിലിന്ദ് ജാദവിന്റെ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യ കാരണങ്ങളാൽ ജാമ്യം തേടുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാറുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ ജാമ്യം നിയമമാണ് എന്ന തത്വം നടപ്പിലാക്കണമെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങൾ മാത്രം നീണ്ട ജയിൽവാസം രാധാമോഹൻ മിശ്രയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിദഗ്ദ്ധ ചികിത്സയും കൃത്യമായ ഭക്ഷണക്രമവും നിരന്തരമായ പരിചരണവും ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
തനിക്ക് 59 വയസ്സുണ്ടെന്നും ഗുരുതരമായ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും രാധാമോഹൻ മിശ്ര കോടതിയെ അറിയിച്ചു. 2025ൽ സ്ലീവ് ഗ്യാസ്ട്രെക്ടമി ശസ്ത്രക്രിയക്ക് വിധേയനായെന്നും അതിൽ ആമാശയത്തിന്റെ 80 ശതമാനം നീക്കം ചെയ്തതായും തുടർന്ന് ദ്രവ രൂപത്തിലുള്ള ഭക്ഷണക്രമം പിന്തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നതായും രാധാമോഹൻ മിശ്ര ജാമ്യാപേക്ഷയിൽ പറഞ്ഞു. അറസ്റ്റിന് ശേഷം തനിക്ക് ഭക്ഷണക്രമം പാലിക്കാൻ കഴിയുന്നില്ലെന്നും 21 കിലോ ഭാരം കുറഞ്ഞുവെന്നും ഇത് തന്റെ ആരോഗ്യത്തിന് അപകടകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, രാധാമോഹൻ മിശ്രയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. അദ്ദേഹത്തിന്റെ രോഗം ജീവന് ഭീഷണിയല്ലെന്നും ജയിലിൽ തന്നെ ചികിത്സ നൽകാമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, പ്രോസിക്യൂഷന്റെ വാദം തള്ളിയ കോടതി ജാമ്യം ലഭിക്കുകയായിരുന്നു. വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ആളുടെ ചികിത്സയും സ്വതന്ത്രനായ ഒരു പൗരന് ലഭിക്കുന്ന പരിചരണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് രണ്ട് ലക്ഷം രൂപയുടെ ബോണ്ടിൽ രാധാമോഹൻ മിശ്രക്ക് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

