ബി.ജെ.പി വ്യവസായി ഒരുക്കിയ ചടങ്ങിൽ തരൂരിന്റെ മോദി സ്തുതി, പ്രതികരിക്കരുതെന്ന് കേരള നേതാക്കളോട് ഹൈകമാൻഡ്
text_fieldsന്യൂഡൽഹി: കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേർന്ന വ്യവസായിയും എം.പിയുമായ നവീൻ ജിൻഡാൽ ലണ്ടനിൽ ഒരുക്കിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ. മോദിയുടെ ഭരണകാലത്ത് കോണ്‍ഗ്രസിന്റെ ഇടതു നയസമീപനങ്ങളില്‍നിന്ന് രാജ്യം ദേശീയതയിലേക്ക് നീങ്ങിയെന്നും ഇന്ത്യയില്‍ ഊർജസ്വലമായ നേതൃത്വത്തിനു കീഴിൽ ശുഭകരമായ മാറ്റങ്ങളുണ്ടാകുന്നുവെന്നും തരൂര്‍ പറഞ്ഞു. അതേസമയം കോൺഗ്രസിൽനിന്ന് പുറത്താക്കിക്കിട്ടാൻ കരുതിക്കൂട്ടി പ്രകോപനമുണ്ടാക്കുന്ന തരൂരിനെ അവഗണിക്കാനും അദ്ദേഹത്തിന്റെ കോൺഗ്രസ് വിമർശനങ്ങളോടും മോദിസ്തുതിയോടും മൗനമവലംബിക്കാനും ഹൈകമാൻഡ് കേരള നേതാക്കളോട് ആവശ്യപ്പെട്ടു.
രണ്ടുതവണ കോൺഗ്രസ് ടിക്കറ്റിൽ ഹരിയാനയിൽനിന്ന് എം.പിയായ നവീൻ ജിൻഡാൽ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ചിലാണ് കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. തുടർന്ന് ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് എം.പിയായ ജിൻഡാലിന്റെ സ്വകാര്യ ഇന്ത്യൻ സർവകലാശാലയായ ‘ഒ.പി ജിൻഡാൽ ഗ്ലോബൽ യൂനിവേഴ്സിറ്റി’യാണ് ലണ്ടനിലെ ഒാണറബിൾ സൊസൈറ്റി ഓഫ് ഇന്നർ ടെംപ്ൾ, ഓക്സ്ഫഡ് സർവകലാശാലയിലെ യൂനിവേഴ്സിറ്റി കോളജ്, സേമാർവിലെ കോളജ് എന്നിവിടങ്ങളിൽ ലണ്ടനിലും ശശി തരൂരിന്റെ പ്രഭാഷണം സംഘടിപ്പിച്ചത്. 2047ൽ വികസിത ഭാരതം എന്ന ബി.ജെ.പി കാമ്പയിന്റെ ചുവടുപിടിച്ച് ‘2047ലെ ഇന്ത്യ’ എന്ന വിഷയത്തിലായിരുന്നു ശശി തരൂരിന്റെ പ്രഭാഷണം.
പ്രധാനമന്ത്രിയെ ‘പ്രഭാവമുള്ള നേതാവ്’ എന്ന് വിശേഷിപ്പിച്ച തരൂർ, കോണ്‍ഗ്രസിന്റെ ഇടതു നയസമീപനങ്ങളില്‍നിന്ന് ഇന്ത്യ മാറിയെന്നും വിദേശ നയത്തിലും രാഷ്ട്രീയത്തിലും അത് പ്രതിഫലിക്കുന്നുവെന്നും പറഞ്ഞു. കോൺഗ്രസിൽനിന്നുകൊണ്ട് നിരന്തരം തിരിഞ്ഞുകുത്തുന്ന തരൂരിനെ ബി.ജെ.പി ഏറ്റുപിടിച്ചതോടെ കോൺഗ്രസിനകത്ത് അമർഷം പുകയുന്നുവെങ്കിലും നേതാക്കളോട് മൗനം പാലിക്കാനാണ് ഹൈകമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്. തരൂരിനെതിരെ പരസ്യപ്രസ്താവനയിൽനിന്ന് വിട്ടു നിൽക്കണമെന്നാണ് കേരള നേതാക്കൾക്ക് ഹൈകമാൻഡ് നൽകിയ നിർദേശം. തരൂരിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം ഹൈകമാൻഡ് എടുക്കുമെന്നും കേരള നേതാക്കളെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

