രാഷ്ട്രീയത്തിൽ വന്നത് ജനങ്ങളെ സേവിക്കാൻ, അല്ലാതെ പണമുണ്ടാക്കാനല്ല; നയം വ്യക്തമാക്കി വിജയ്
text_fieldsവിജയ്
ചെന്നൈ: താൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും സമ്പത്തുണ്ടാക്കാൻ വേണ്ടിയല്ലെന്നും വ്യക്തമാക്കി നടൻ വിജയ്. തമിഴ്നാടിനെ അഴിമതിയിൽ നിന്നും പട്ടിണിയിൽ നിന്നും മുക്തമാക്കി മികച്ച ഭരണം ഉറപ്പാക്കുമെന്നും ശനിയാഴ്ച രാത്രി വലിയ ജനസാഗരത്തെ അഭിസംബോധന ചെയ്യവെ വിജയ് പറഞ്ഞു.
'പണത്തിലൊക്കെ എന്ത് കാര്യം? ആവിശ്യത്തിലധികം പണം ഞാൻ കണ്ടു കഴിഞ്ഞു. പണത്തിന് വേണ്ടിയാണോ ഞാൻ രാഷ്ടീയത്തിൽ വന്നത്? എനിക്കതിന്‍റെ ആവശ്യമില്ല. നിങ്ങൾക്ക് സേവനം ചെയ്യുക മാത്രമാണെന്‍റെ ലക്ഷ്യം' -വിജയ് പറഞ്ഞു.
ജനങ്ങൾ നൽകുന്ന സ്നേഹത്തിനേക്കാൾ വലുതായി ഒന്നുമില്ല. രാഷ്ട്രീയ എതിരാളികളിൽ അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അത് വകവെക്കുന്നില്ലെന്നും വിജയ് തുടർന്നു. ബിഹാറിൽ 65 ലക്ഷത്തോളം വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്ന് കാണാതായത് വോട്ട് കൊള്ളയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തെ കൊലപ്പെടുത്തും. കേന്ദ്രസർക്കാറിനെ പോലെ ഡി.എം.കെ സർക്കാറും വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും വിജയ് ആരോപിച്ചു.
2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ വിജയ് മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. ബി.ജെ.പിയുമായോ ഡി.എം.കെയുമായോ യാതൊരുവിധ സഖ്യത്തിനുമില്ലെന്നും ടി.വി.കെ അറിയിച്ചിരുന്നു.
പാർട്ടി രൂപീകരിച്ചതിനു പിന്നാലെ ബി.ജെ.പിയെയും ഡി.എം.കെയെയും രൂക്ഷമായി വിമർശിക്കാനും വിജയ് രംഗത്തിറങ്ങി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൗരത്വ നിയമം തുടങ്ങിയ അജണ്ടകളിലൂടെ മതപരമായ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയെന്നും വിമർശിച്ചു. നിലവിൽ ബി.ജെ.പിയുമായി സഖ്യത്തിലുള്ളത് ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) മാത്രമാണ്. സ്വാർഥ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പിയുമായി സഖ്യം ചേരാൻ ഞങ്ങൾ ഡി.എം.കെയോ എ.ഐ.എ.ഡി.എം.കെയോ അല്ലെന്ന് ദ്രാവിഡ ശക്തികളെ പരിഹസിച്ചുകൊണ്ട് വിജയ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

