ഒരു കോൺഗ്രസ് നേതാവിനും സ്വത്തോ പണമോ ലഭിക്കുന്നില്ല; നാഷനൽ ഹെറാൾഡ് കേസ് ‘വിചിത്രവും അസാധാരണ’വുമെന്ന് സോണിയയുടെ അഭിഭാഷകൻ
text_fieldsന്യൂഡൽഹി: ഇ.ഡി അന്വേഷിക്കുന്ന നാഷനൽ ഹെറാൾഡ് കേസ് ‘വിചിത്രവും അസാധാരണവു’മാണെന്നും കാരണം സ്വത്ത് കൈമാറ്റം ചെയ്യാതെ കള്ളപ്പണം വെളുപ്പിക്കൽ നടക്കില്ലെന്നും കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി ഡൽഹി കോടതിയിൽ വാദിച്ചു.
‘ഇത് ശരിക്കും ഒരു വിചിത്രമായ കേസാണ്. സ്വത്ത് ഉപയോഗിക്കാതെയും സ്വത്ത് കൈമാറ്റം ചെയ്യാതെയും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതായി ആരോപിക്കപ്പെടുന്ന കേസാണിത്. നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ച കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) നിന്ന് യങ് ഇന്ത്യനിലേക്ക് ഒരു ഇഞ്ച് സ്വത്ത് പോലും മാറ്റിയിട്ടില്ല. ഒരു കോൺഗ്രസ് നേതാവിനും സ്വത്തോ പണമോ ലഭിക്കുന്നില്ല. എന്നിട്ടും ഇതിനെ കള്ളപ്പണം വെളുപ്പിക്കൽ എന്ന് വിളിക്കുന്നു -സിങ്‍വി പറഞ്ഞു.
കേസിൽ 11 വർഷത്തിനു ശേഷം പരാതി ഫയൽ ചെയ്തതിനും അടുത്തിടെ കുറ്റപത്രം സമർപ്പിച്ചതിനും അന്വേഷണ ഏജൻസിയെ ചോദ്യം ചെയ്ത സിങ്‍വി വർഷങ്ങളോളം ഇ.ഡി ഒന്നും ചെയ്തില്ലെന്നും പകരം ഒരു സ്വകാര്യ പരാതി ഏറ്റെടുത്ത് സോണിയക്കെതിരെ ക്രൂരമായ ഒരു പ്രവൃത്തിയുടെ ക്രിമിനൽ കേസ് അന്വേഷിക്കാൻ ശ്രമിച്ചുവെന്നും വാദിച്ചു.
2010ൽ എ.ജെ.എല്ലിന്റെ പുനഃസംഘടനയും 2021ൽ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതും തമ്മിൽ 11 വർഷത്തെ ഇടവേളയുണ്ട്. ഒരു കേസിൽ ഇതിലും വലിയ ഇടവേള ഇനി ഉണ്ടാകില്ല. സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ പരാതിയിലും ഇ.സി.ഐ.ആറിലും എട്ട് വർഷത്തെ ഇടവേളയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഷനൽ ഹെറാൾഡ് പ്രസിദ്ധീകരിച്ച കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് പുനരുജ്ജീവിപ്പിക്കാൻ സോണിയയും മറ്റുള്ളവരും ആഗ്രഹിക്കുന്നുവെന്നും സിങ്വി പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയോട് പറഞ്ഞു.
കേസിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പരിഗണനയിലുള്ള വിഷയത്തിൽ ജൂലൈ 3ന് ഇ.ഡിക്ക് വേണ്ടി ഹാജരായ രാജു തന്റെ വാദങ്ങൾ അവസാനിപ്പിച്ചു. ശനിയാഴ്ച വാദം കേൾക്കൽ തുടരും.
എന്താണ് നാഷണൽ ഹെറാൾഡ് കേസ്?
സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കുമെതിരെ സുബ്രമണ്യം സ്വാമി ഡൽഹി ഹൈകോടതിയിൽ നൽകിയ കേസാണ് നാഷനൽ ഹെറാൾഡ് കേസ്. സോണിയയും രാഹുലും അവരുടെ വിധേയരും ചേർന്ന് കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ‘എ.ജെ.എൽ’ എന്ന കമ്പനിയെ ‘യങ് ഇന്ത്യ’ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്.
നാഷനൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ ‘അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്’ എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി നൽകിuയെന്നും ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ സ്വാമി ആരോപിക്കുന്നു.
2010 ൽ അഞ്ചു ലക്ഷം രൂപാ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നുമാണ് സുബ്രമഹ്ണ്യൻ സ്വാമിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

