ആരുഷി വധക്കേസ് വിധിക്കെതിരെ ഹേംരാജിന്‍റെ ഭാര്യ സുപ്രീകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: ആരുഷി വധക്കേസിൽ പ്രതികളെന്ന് സംശയിച്ചിരുന്ന തൽവാർ ദമ്പതികളെ വെറുതെ വിട്ടതിനെതിരെ ഹേംരാജിന്‍റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ആരുഷിയുടെ മാതാപിതാക്കളായ തൽവാർ ദമ്പതികളുടെ വീട്ടുവേലക്കാരനായിരുന്നു ഹേംരാജ്. 2008 മെയ് 15ന് 14 വയസ്സായ ആരുഷിയോടൊപ്പം ഹേംരാജും(45)കൊല്ലപ്പെട്ടിരുന്നു. രണ്ടുപേരെയും കൊലപ്പെടുത്തിയത് ആരെന്ന് സംശയരഹിതമായി കണ്ടുപിടിക്കാൻ സി.ബി.ഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹേംരാജിനെ കൊലപ്പെടുത്തിയത് ആരെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ കഷ്ടപ്പെട്ടുജീവിച്ചിരുന്ന കുടംബം ഹേംരാജിന്‍റെ മരണത്തോടെ തീർത്തും ദുരിതത്തിലായിപ്പോയെന്ന് ഭാര്യ കുംകല പറഞ്ഞു. ഇതൊരു കുഴഞ്ഞുമറിഞ്ഞ കേസാക്കി മാറ്റിയത് സി.ബി.ഐ ആണെന്നും കുംകല പറഞ്ഞു.
തൽവാർ ദമ്പതികൾ കുറ്റവിമുക്തരായിട്ടും സി.ബി.ഐ കേസിൽ ഒരു താത്പര്യവും കാണിക്കുന്നില്ലെന്ന് ഹേംരാജിന്‍റെ സഹോദരനായ അശോക് കുമാർ കുറ്റപ്പെടുത്തുന്നു. തങ്ങൾക്ക് മാത്രമല്ല, ആരുഷിയും ഹേംരാജും കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അറിയാൻ ജനങ്ങൾക്കും താൽപര്യമുണ്ട്. ഇതിനെല്ലാം ഉത്തരം പറയാനുള്ള ബാധ്യത സി.ബി.ഐക്കുണ്ടെന്നും ഇവർ പറഞ്ഞു.
നേപ്പാൾ സ്വദേശിയായ ഹേംരാജിന്‍റെ കുടുംബത്തിന് കേസിന് വേണ്ടി ഡൽഹിയിലെത്തുകയോ പണം ചെലവഴിക്കുകയോ ചെയ്യാനുള്ള മാർഗ്ഗങ്ങളില്ലാത്തതിനാലാണ് കേസിൽ കക്ഷി ചേരാൻ കഴിയാതിരുന്നത്. ഇവർക്ക് 20 വയസ്സായ മകനുണ്ടെങ്കിലും നെഞ്ചുസംബന്ധമായ രോഗങ്ങൾ കാരണം ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഹേംരാജിന്‍റെ സഹോദരനാണ് ഈ കുടുംബത്തെ സഹായിക്കുന്നത്. ഈ ദുരിതങ്ങൾക്കിടയിലും ഭർത്താവിന് നീതി ലഭിക്കാൻ വേണ്ടി പോരാടാൻ തന്നെയാണ് കുംകലയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
