ഹേമന്ത് സോറൻ ഹൈകോടതിയെ സമീപിച്ചു; ഹരജി ഉടൻ പരിഗണിക്കും
text_fieldsറാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഹൈകോടതിയെ സമീപിച്ചു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ ഹാജരാക്കും മുൻപെയാണ് സോറൻ ഹൈകോടതിയിൽ ഹരജി നൽകിയത്. എന്നാൽ എന്ത് വിഷയം സംബന്ധിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത് എന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഹരജി ഇന്ന് രാവിലെ 10.30ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് അനുഭ റാവത്ത് ചൗധരി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
ബുധനാഴ്ചയാണ് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ രാജിവെച്ചത്. രണ്ടാഴ്ചക്കിടെ രണ്ടാം തവണയും ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കുകയാണെന്ന് ബുധനാഴ്ച ഇ.ഡി വ്യക്തമാക്കിയതോടെയാണ് ഹേമന്ത് സോറൻ ഗവർണറുടെ ഔദ്യോഗിക വസതിയിലെത്തി രാജി സമർപ്പിച്ചത്. ബുധനാഴ്ച കനത്ത സുരക്ഷയിൽ ആറുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി സോറനെ കസ്റ്റഡിയിലെടുക്കുന്നതായി അറിയിച്ചത്. രാജിയെത്തുടർന്ന്, ഹേമന്തിന്റെ വിശ്വസ്തനും ഗതാഗത മന്ത്രിയുമായ ചമ്പായി സോറനെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡി ആരോപണം. കേസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു. ജനുവരി 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ സോറനെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചു. 31ന് റാഞ്ചിയിലെ വസതിയിൽ ചോദ്യം ചെയ്യലാകാമെന്ന് ഇ-മെയിലിൽ മറുപടി നൽകി.
27ന് രാത്രി അദ്ദേഹം റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിച്ചു. പിന്നാലെയാണ് ഇ.ഡി സംഘം ഡൽഹിയിലെ വസതിയിലെത്തിയത്. 13 മണിക്കൂറോളം കാത്തുനിന്നെങ്കിലും സോറൻ ഹാജരായില്ല. തുടർന്ന് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
ഡൽഹിയിലെ സോറന്റെ വീട്ടിൽ പരിശോധന നടത്തി അപമാനിച്ചുവെന്നാരോപിച്ച് മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം റാഞ്ചിയിൽ കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽനിന്ന് 36 ലക്ഷവും ബി.എം.ഡബ്ല്യു കാറും പിടിച്ചെടുത്തുവെന്ന് ഇ.ഡി ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാൽ, പണവും കാറും തന്റേതല്ലെന്നാണ് സോറന്റെ വാദം. തെറ്റായ ആരോപണം ഉന്നയിച്ച് തന്നെയും കുടുംബത്തെയും സമുദായത്തെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സോറൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

