ബി.ജെ.പിയെ പുറത്താക്കാൻ ആദിവാസികളും ദലിതരും ഒന്നിക്കണം- ഹേമന്ത് സോറൻ
text_fieldsറാഞ്ചി: കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ബി.ജെ.പിയെ പുറത്താക്കാൻ ആദിവാസികളും ദലിതരും ഒന്നിക്കണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ആദിവാസി ദലിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ചേർന്ന് 2024ൽ കേന്ദ്രത്തിൽ ഒരു നല്ല ഗവൺമെന്‍റിനെ തെരഞ്ഞെടുക്കണമെന്ന് ഹേമന്ത് സോറൻ പറഞ്ഞു.
"ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. നേരത്തെയുണ്ടായ അപകടങ്ങളിൽ ഉത്തരാഖണ്ഡിൽ നിരവധി ആദിവാസികൾക്കും ദലിതർക്കും പിന്നാക്ക തൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നോട്ട് നിരോധനമോ വിലക്കയറ്റമോ ആകട്ടെ, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആദിവാസികളും ദളിതരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. ആദിവാസികളും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും യോജിച്ച് 2024ൽ കേന്ദ്രത്തിൽ ഒരു നല്ല സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയമാണിത്"- സോറൻ പറഞ്ഞു.
ലോക്സഭയിൽ 131 സീറ്റ് എസ്.സി, എസ്.ടി വിഭാഗത്തിനുള്ളതാണെന്നും ആദിവാസികളും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും ഒന്നിച്ചാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് ആർക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദലിത് വിഷയങ്ങളിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെയും ഹേമന്ത് സോറൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ആദിവാസി വീരന്മാരെ ഓർത്ത് അവരുടെ പ്രതിമകളിൽ മാല ചാർത്താൻ വരുമെന്നും എന്നാൽ മണിപ്പൂരിലെ ഗോത്രവർഗക്കാർക്കെതിരായ പീഡനങ്ങളിലും അതിക്രമങ്ങളിലും അവർ വായ് പൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി രാജസ്ഥാനിൽ 450 രൂപക്ക് ഗ്യാസ് സിലണ്ടര് നൽകുമെന്ന് പറയുന്നുണ്ടെന്നും എന്നാൽ അത് പൊള്ളയായ വാഗാദാനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

