600 കോടി മുൻകൂർ ധനസഹായം മാത്രം; കൂടുതൽ നൽകും- കേന്ദ്രം
text_fieldsന്യൂഡൽഹി: പ്രളയക്കെടുതിയിൽ അമർന്ന കേരളത്തിന് ഇതിനകം നൽകിയ 600 കോടി രൂപ മുൻകൂർ ധനസഹായം മാത്രമാണെന്ന് കേന്ദ്രം. വ്യവസ്ഥാപിത നടപടിക്രമങ്ങൾ അനുസരിച്ച് നഷ്ടം വിലയിരുത്തി കൂടുതൽ പണം ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എൻ.ഡി.ആർ.എഫ്) അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. യു.എ.ഇ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാട് ഉയർത്തിയ കടുത്ത പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഇതിന് സംസ്ഥാന സർക്കാർ വിശദ നിവേദനം നൽകേണ്ടതുണ്ട്. അതിന് സാവകാശം ആവശ്യമാണ്. ഇതുകൂടി മുൻനിർത്തിയാണ് മുൻകൂറായി 600 കോടി നൽകിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ.എഫ്) യിൽനിന്ന് ലഭ്യമാക്കിയ 562.45 കോടിക്കു പുറമെയാണിത്. ഇൗ സാമ്പത്തിക സഹായങ്ങൾക്കുപുറമെ, അനുബന്ധ സഹായങ്ങൾ ഉദാരമായി കേന്ദ്രം നൽകിയിട്ടുണ്ട്.
വൻതോതിൽ അടിയന്തര ഭക്ഷണം, വെള്ളം, മരുന്ന്, അവശ്യവസ്തുക്കൾ, അധിക ഭക്ഷ്യധാന്യ വിഹിതം എന്നിവയെല്ലാം സംസ്ഥാനത്തിെൻറ അഭ്യർഥന മാനിച്ച് നൽകിയിട്ടുണ്ട്. ഇതൊക്കെ നൽകിയത് പതിവു ചട്ടങ്ങളും നടപടികളും മാറ്റിവെച്ചാണ്. ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നാണ് കേരളത്തിൽ നടന്നത്. 40 ഹെലികോപ്ടറുകൾ, 31 വിമാനങ്ങൾ, രക്ഷാദൗത്യത്തിന് 182 സംഘങ്ങൾ, 18 മെഡിക്കൽ സംഘങ്ങൾ, 500 ബോട്ടുകൾ എന്നിവ കേന്ദ്രം വിട്ടുനൽകിയിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
