ആഗ്ര-കാൺപൂർ ഹൈവേയിൽ ഹെൽമറ്റില്ലാതെ ബൈക്കിൽ ദമ്പതികളുടെ അഭ്യാസ പ്രകടനം -വിഡിയോ
text_fieldsനോയ്ഡ-ഗ്രെയ്റ്റർ നോയ്ഡ എക്സ്പ്രസ് വെയിലെ ദമ്പതികളുടെ വിഡിയോ വൈറലായതിന് പിന്നാലെ, ഉത്തർപ്രദേശിലെ ഫിറോസാബാദിലെ തിരക്കേറിയ ഹൈവേയിലും സമാനരീതിയിൽ ദമ്പതികളുടെ അതീവ അപകടകരമായ അഭ്യാസ പ്രകടനം. ഹെൽമറ്റില്ലാതെയാണ് പൊതുജനങ്ങളെ ആകർഷിക്കാൻ ദമ്പതികളുടെ അഭ്യാസം. ഇതിന്റെ 20 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബൈക്കിന്റെ ഇന്ധന ടാങ്കിന് മുകളിൽ അപകടകരമായ രീതിയിൽ കിടക്കുകയാണ് യുവതി. തലയിൽ വെള്ള ടവർ ധരിച്ച യുവാവ് ആണ് ഫിറോസാബാദിലെ തിരക്കേറിയ ആഗ്ര-കാൺപൂർ ഹൈവേയിലൂടെ രാത്രിയിൽ കറുത്ത നിറത്തിലുള്ള ബൈക്ക് ഓടിക്കുന്നത്.
തങ്ങളുടെ അപകടകരമായ അഭ്യാസം മൊബൈലിൽ ചിത്രീകരിച്ച വഴിയാത്രക്കാരോട് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിക്കുന്നതും കേൾക്കാം. വെള്ളിയാഴ്ച ചിത്രീകരിച്ച വിഡിയോ ശനിയാഴ്ചയാണ് ഓൺലൈനിൽ പങ്കുവെച്ചത്. വലിയ വിമർശനമാണ് ദമ്പതികളുടെ പ്രകടനത്തിന് നേരെ ഉയരുന്നത്.
ബൈക്കിന്റെ ഇന്ധനടാങ്കിനു മുകളിൽ ഇരിക്കാൻ ആർക്കും അനുവാദമില്ലെന്നും അവർ ഹെൽമറ്റ് ധരിക്കാതെയാണ് വണ്ടിയോടിച്ചതെന്നും ഫിറോസാബാദ് പൊലീസ് പ്രതികരിച്ചു. ദമ്പതികൾ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ടെത്തിക്കഴിഞ്ഞാൽ ഉടൻ കർശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ വീഡിയോയിൽ അവ്യക്തമാണ്. അവർ ഫിറോസാബാദ് സ്വദേശികളാണോ മറ്റെവിടെ നിന്നെങ്കിലുമാണോ എന്നുപോലും പൊലീസുകാർക്ക് അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

